ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
Monday, September 22, 2025 1:40 AM IST
ലണ്ടൻ: ഇസ്രയേലിന്റെ മിത്രങ്ങളായ കാനഡ, ഓസ്ട്രേലിയ, ബ്രിട്ടൻ, പോർച്ചുഗൽ രാജ്യങ്ങൾ പലസ്തീന്റെ രാഷ്ട്രപദവി ഔദ്യോഗികമായി അംഗീകരിച്ചു.
ഗാസാ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം വർധിക്കാൻ ഉദ്ദേശിച്ചാണു നടപടി. ചൊവ്വാഴ്ച ന്യൂയോർക്കിൽ ആരംഭിക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ്, മാൾട്ട രാജ്യങ്ങളും പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കും.
ഇസ്രയേലിനും പലസ്തീനുമിടയിൽ സമാധാന പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ പലസ്തീന്റെ രാഷ്ട്രപദവി ബ്രിട്ടൻ അംഗീകരിക്കുന്നതായി പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇന്നലെ അറിയിച്ചു. പശ്ചിമേഷ്യയിലെ ഭീകരാന്തരീക്ഷത്തിനിടെ സമാധാന പ്രതീക്ഷ നിലനിർത്താൻ വേണ്ടിയാണ് ബ്രിട്ടനും മറ്റുള്ളവരും ശ്രമിക്കുന്നത്. പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാനുള്ള സമയം ആയി. ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ഭീകരർ തയാറാകണമെന്നും സ്റ്റാർമർ ആവശ്യപ്പെട്ടു.
ദ്വിരാഷ്ട്ര പരിഹാരം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ബ്രിട്ടനും കാനഡയ്ക്കുമൊപ്പം പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കുന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.
അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും ഗാസായുദ്ധത്തിൽ വിട്ടുവീഴ്ച കാണിക്കാൻ ഇസ്രയേൽ തയാറാകാത്ത പശ്ചാത്തലത്തിലാണു പാശ്ചാത്യശക്തികളായ ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും ഇതുവരെ പുലർത്തിയ നയതന്ത്ര നിലപാടുകളിൽനിന്നു വ്യതിചലിക്കുന്നത്. ഗാസയിൽ വെടിനിർത്തിയില്ലെങ്കിൽ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടൻ ഇസ്രയേലിനു മുന്നറിയിപ്പു നല്കിയിരുന്നതാണ്.
ഇസ്രേലി നടപടികൾ മൂലം ഗാസയിലെ പലഭാഗങ്ങളും ക്ഷാമത്തിന്റെ പിടിയിലായെന്നു നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന ആരോപണവും ശക്തമാണ്. പട്ടിണിക്കോലങ്ങളായ കുട്ടികളുടെ ചിത്രങ്ങൾ പുറത്തുവരുന്നത് അംഗീകരിക്കാനാവില്ലെന്നാണു പാശ്ചാത്യശക്തികളുടെ നിലപാട്. ആരോപണങ്ങൾ നിഷേധിക്കുന്ന ഇസ്രയേൽ ഹമാസിനെ ഉന്മൂലനം ചെയ്യാൻ യുദ്ധം തുടരുമെന്നാണു വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കയുടെ ഉറച്ച പിന്തുണ ഇസ്രയേലിനുണ്ട്.
സന്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ൽ പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് കാനഡ. ബ്രിട്ടനും ജി-7 ൽ അംഗമാണ്.
ആക്രമണം തുടരുന്നു
ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ നഗരം പിടിച്ചടക്കാനായി ഇസ്രേലി സേന ആക്രമണം തുടർന്നു. ഇന്നലെ ഗാസയിൽ 40നു മുകളിൽ പലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. ഒരു ഗർഭിണിയും രണ്ടു മക്കളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം ഒട്ടേറെ തീവ്രവാദികളെ വധിച്ചുവെന്നാണ് ഇസ്രേലി സേന അറിയിച്ചത്.
ഇസ്രേലി സേന ഇന്നലെയും ഗാസയിലെ പാർപ്പിട കേന്ദ്രങ്ങൾ നശിപ്പിച്ചു. ഗാസ സിറ്റിയിൽനിന്ന് ഒഴിഞ്ഞുപോയ ജനങ്ങളുടെ എണ്ണം 4.5 ലക്ഷം ആയെന്ന് ഇസ്രേലി സേന അവകാശപ്പെട്ടു. എന്നാൽ മൂന്നു ലക്ഷം പേരെ ഒഴിഞ്ഞുപോയിട്ടുള്ളൂ എന്നും ഒന്പതു ലക്ഷം പേർ നഗരത്തിൽ തുടരുന്നുണ്ടെന്നും ഹമാസ് പറഞ്ഞു.