ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് ഓർമയായി
Tuesday, September 16, 2025 11:36 PM IST
പ്രോവോ: ഓസ്കർ പുരസ്കാര ജേതാവായ വിഖ്യാത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു.
യൂട്ടാ സംസ്ഥാനത്തെ പർവതമേഖലയായ സൺഡാൻസിലെ വീട്ടിലായിരുന്നു അന്ത്യം. 1960കളിൽ സിനിമയിലെത്തിയ റെഡ്ഫോർഡ് വൈകാതെ സൂപ്പർ സ്റ്റാറായി ഉയർന്നു.
ലോസ് ആഞ്ചലസിൽ ജനിച്ച റോബർട്ട് റെഡ്ഫോർഡ് 1950കളുടെ അവസാനമാണ് അഭിനയരംഗത്തെത്തിയത്. വാർ ഹണ്ട് ആണ് അരങ്ങേറ്റ ചലച്ചിത്രം. ദ സ്റ്റിംഗ്, ബുച്ച് കാസിഡി ആൻഡ് ദ സണ്ഡാൻഡ് കിഡ്, ദ കാൻഡിഡേറ്റ്, ഓൾ ദ പ്രസിഡന്റ്സ് മെൻ, ദ വേ വീ വെയർ എന്നിവയാണ് ശ്രദ്ധേയ ചലച്ചിത്രങ്ങൾ. 1973ൽ ദ സ്റ്റിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചു.
റെഡ്ഫോർഡ് സംവിധാനം ഓർഡിനറി പീപ്പിൾ എന്ന സിനിമയ്ക്ക് 1980ൽ ഓസ്കർ അവാർഡ് ലഭിച്ചു. മികച്ച സിനിമയായും അതേ വർഷം ഓർഡിനറി പീപ്പിൾ തെരഞ്ഞെടുക്കപ്പെട്ടു. നാല് ഓസ്കർ അവാർഡുകളാണ് ഈ സിനിമയ്ക്കു ലഭിച്ചത്. 2018ൽ പുറത്തിറങ്ങിയ ദി ഓൾഡ് മാൻ ആൻഡ് ദ ഗൺ ആണ് അവസാന ചലച്ചിത്രം
സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റെഡ്ഫോർഡ് യൂട്ടായിൽ സണ്‍ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 2002ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കറും റെഡ്ഫോർഡ് നേടി.
സിബില്ലെ സാഗാർസ് ആണ് റെഡ്ഫോർഡിന്റെ ഭാര്യ. 2009ലാണ് ഇവർ വിവാഹിതരായത്. ആദ്യഭാര്യ ലോല വാൻ വെഗെനേൻ. 1985ൽ ഇവർ വേർപിരിഞ്ഞു.
നാലു മക്കളാണ് റെഡ്ഫോർഡ്-ലോല ദന്പതികൾക്കുള്ളത്. റെഡ്ഫോർഡിന്റെ മകൻ ജയിംസ് 2020ൽ, 58-ാമത്തെ വയസിൽ കാൻസർ മൂലം മരിച്ചു. സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു ജയിംസ്.