കിർക്കിന്റെ ഘാതകൻ പിടിയിൽ
Saturday, September 13, 2025 12:16 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യുവ നേതാവ് ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ യൂട്ടാ സ്വദേശി ടൈലർ റോബിൻസൺ എന്ന ഇരുപത്തിരണ്ടുകാരൻ കസ്റ്റഡിയിലായി. ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് യൂട്ടാ ഗവർണർ സ്പെൻസർ കോക്സും കേസ് അന്വേഷിക്കുന്ന എഫ്ബിഐയും പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഭവം അറിഞ്ഞ പ്രതിയുടെ ബന്ധുക്കളും കുടുംബ സുഹൃത്തും പ്രതിയെ പിടികൂടാൻ സഹായം നല്കിയെന്ന് ഗവർണർ പറഞ്ഞു.
കിർക്കിന്റെ ഘാതകൻ പിടിയിലായെന്ന് ട്രംപ് മുന്പ് സൂചന നല്കിയിരുന്നു. പ്രതിയുടെ പിതാവ് ഇതിനു സഹായം നല്കിയെന്നും ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് യുവജനങ്ങളുടെ വോട്ട് നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച കിർക്ക് കഴിഞ്ഞ ദിവസം യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവാദത്തിലേർപ്പെട്ടിരിക്കേ ആക്രമണത്തിനിരയാവുകയായിരുന്നു. 130 മീറ്റർ അകലെയുള്ള കെട്ടിടത്തിൽനിന്നേറ്റ ഒറ്റ വെടിയാണ് മരണകാരണമായത്.
ഈ കെട്ടിടത്തിൽനിന്ന് ഇറങ്ങിപ്പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കിറങ്ങിയ ഇയാൾ യൂണിവേഴ്സിറ്റി കാന്പസിൽനിന്ന് പുറത്തുകടന്ന് മരങ്ങൾ നിറഞ്ഞ സ്ഥലത്ത് തോക്ക് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. കിർക്കിനെ വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് ഇവിടെനിന്ന് കണ്ടെടുത്തു.
ഇതിനിടെ, രാഷ്ട്രീയക്കാർക്കു നേരേ അക്രമസംഭവങ്ങൾ വർധിച്ചുവരുന്നത് അമേരിക്കയിൽ വലിയ ചർച്ചാവിഷയമായി. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപിനും വെടിയേറ്റിരുന്നു.