ലോകസമാധാനത്തിനായി യോജിച്ച പോരാട്ടം വേണമെന്നു മാർപാപ്പ
Wednesday, September 10, 2025 2:20 AM IST
ധാക്ക (ബംഗ്ലാദേശ്): ഇതര മതങ്ങളുമായി സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള കത്തോലിക്കാസഭയുടെ പ്രതിബദ്ധത ആവർത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വത്തിക്കാൻ എംബസി സംഘടിപ്പിച്ച മതാന്തര സമ്മേളനത്തിനുള്ള സന്ദേശത്തിലാണ് മാർപാപ്പയുടെ സമാധാനാഹ്വാനം.
സത്യത്തിന്റെ സൂര്യപ്രകാശം, ദാനധർമത്തിന്റെ ജലം, സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും മണ്ണ് എന്നിവ ഉറപ്പാക്കിക്കൊണ്ടു ജീവിക്കാനും മാർപാപ്പ മതവിശ്വാസികളെ ക്ഷണിച്ചു. മതാന്തര സംവാദത്തിനുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട്ടാണു ചടങ്ങിൽ മാർപാപ്പയുടെ സന്ദേശം വായിച്ചത്.
സംഘർഷമല്ല, സമാധാനമായിരിക്കണം നാം സ്വപ്നം കാണേണ്ടതെന്ന് മാർപാപ്പ പറഞ്ഞു. മതാന്തര സംവാദത്തിനും പരിപാടിയുടെ പ്രമേയമായ ‘സഹോദരീ-സഹോദരിമാർക്കിടയിൽ ഐക്യത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുക’ എന്നതിനും മാർപാപ്പ പിന്തുണ അറിയിച്ചു.
നമ്മുടെ മാനവികസമൂഹം ഒന്നാണെന്ന ബോധ്യത്തിൽനിന്നാണ് ഇത്തരമൊരു പ്രമേയം തെരഞ്ഞെടുക്കാനിടയായതെന്ന് മാർപാപ്പ പറഞ്ഞു. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സംസ്കാരം വളർത്തിയെടുക്കാനുള്ള ഉത്തരവാദിത്വം മനുഷ്യകുടുംബത്തിനുണ്ട്. ഇതിനുള്ള അവസരവും നമുക്കുമുന്നിലുണ്ട്.
സംസ്കാരം എന്നാൽ ഓരോ ജനതയുടെയും സവിശേഷതയായ കലകളുടെയും ആശയങ്ങളുടെയും സാമൂഹിക സ്ഥാപനങ്ങളുടെയും സമ്പന്നമായ പൈതൃകമാണ്. അതേസമയം, വളർച്ചയെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഘടകമായും സംസ്കാരത്തെ മനസിലാക്കാം. സംസ്കാരങ്ങൾക്കിടയിൽ അവിശ്വാസവും സംശയവും വിജയിച്ച സമയങ്ങളുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ പൊരുത്തക്കേടിന്റെ കളകൾ സമാധാനത്തെ ഞെരുക്കും. മതാന്തര സംവാദത്തിലെ പങ്കാളികൾ എന്നനിലയിൽ ഒരുമിച്ച്, ഈ സാഹോദര്യത്തിന്റെ മേഖലയെ പരിപാലിക്കണം. സംഭാഷണത്തെ ഫലഭൂയിഷ്ഠമായി നിലനിർത്താനും മുൻവിധിയുടെ കളകളെ നീക്കം ചെയ്യാനും സാധിക്കണം - മാർപാപ്പ പറഞ്ഞു.
വിശ്വാസത്തിലോ അതിനുപുറത്തോ ഉള്ള വ്യത്യാസങ്ങൾ നമ്മെ ഭിന്നിപ്പിക്കരുത് എന്നതിന്റെ മനോഹരമായ സാക്ഷ്യമാണു ബംഗ്ലാദേശിൽ നടന്ന മതാന്തര സമ്മേളനമെന്ന് മാർപാപ്പ പറഞ്ഞു.
ധാക്കയിൽ ഒത്തുകൂടിയ എല്ലാ മതനേതാക്കൾക്കും തന്റെ സാഹോദര്യസ്നേഹം ഉറപ്പുനൽകിയ മാർപാപ്പ, ബംഗ്ലാദേശിനെ എക്കാലവും ആഴമേറിയ ഐക്യവും സമാധാനവും നൽകി ദൈവം അനുഗ്രഹിക്കട്ടേയെന്നു പ്രാർഥിക്കുകയും ചെയ്തു. മതാന്തര സംവാദത്തിനുള്ള വത്തിക്കാൻ വിഭാഗം സെക്രട്ടറി മോൺ. ഇന്ദുനിൽ ജാനകരത്നെയും ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനസമ്മേളനത്തിൽ ധാക്ക ആർച്ച്ബിഷപ് ബെജോയ് നിസെഫോറസ് ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കർദിനാൾ ജോർജ് കൂവക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ ആറിന് ധാക്കയിൽ ആരംഭിച്ച മതാന്തര സമ്മേളനം 12ന് സമാപിക്കും.