ദൈവത്തിന്റെ ഇൻഫ്ളുവൻസർ
Monday, September 8, 2025 2:08 AM IST
വത്തിക്കാന്‍സിറ്റി: നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരുവ്യക്തി, അതുമൊരു കൗമാരക്കാരൻ വിശുദ്ധപദവിലേക്ക് ഉയർത്തപ്പെടുന്നു.
ഈ പദവിയിലേക്കെത്തുന്ന ആദ്യത്തെ മില്ലനിയൽ ആയിരിക്കും കാർലോ അക്കുത്തിസ്. ഇനി കാർലോയുടെ സ്ഥാനം കൗമാരവിശുദ്ധരായ വിശുദ്ധ ആഗ്നസ്, വിശുദ്ധ ഡോമിനിക് സാവിയോ, വിശുദ്ധ മരിയാ ഗോരേത്തി, വിശുദ്ധ ജോസഫ് സാഞ്ചസ് ഡെൽ റിയോ എന്നിവരുടെ നിരയിലാണ് എന്നതിൽ നമുക്കു സന്തോഷിക്കാം.
2006ൽ, പതിനഞ്ചാം വയസിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോ അക്കുത്തിസ് അനൗപചാരികമായി ‘ദൈവത്തിന്റെ ഇൻഫ്ളുവൻസർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ജീൻസും ടെന്നീസ് ഷൂസും ധരിച്ചിരുന്ന, ഫുട്ബോളിനെ സ്നേഹിക്കുകയും പോക്കിമോൻ കാണുകയും പ്ലേ സ്റ്റേഷൻ കളിക്കുകയും ചെയ്തിരുന്ന കാർലോ കംപ്യൂട്ടറിൽ ഒരു അതുല്യപ്രതിഭയായിരുന്നു.
കോസ്റ്റാറിക്കയിൽനിന്നുള്ള ഇരുപത്തിയൊന്നുകാരി, ഇറ്റലിയിലെ ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയ വാൽവെർഡെക്ക് 2022ൽ ഒരു സൈക്കിൾ അപകടത്തെത്തുടർന്ന് തലച്ചാറിൽ രക്തസ്രാവം ഉണ്ടാകുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. അതിജീവനം അസാധ്യമാണെന്നു ഡോക്ടർമാർ വിധിയെഴുതിയ ഈ കേസിൽ വലേറിയയുടെ അമ്മ ലിലിയാന കാർലോ അക്കുത്തിസിന്റെ മധ്യസ്ഥതയ്ക്കായി പ്രാർഥിക്കുകയും കാർലോയുടെ ശവകുടീരം സന്ദർശിക്കുകയും വലേറിയ അദ്ഭുതകരമായി സുഖം പ്രാപിക്കുകയും ചെയ്തു. കാർലോയുടെ മധ്യസ്ഥതയിൽ സംഭവിച്ച രണ്ടാമത്തെ അദ്ഭുതം 2024 മേയ് 23ന് ഫ്രാൻസിസ് പാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി അംഗീകരിച്ചതോടെയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് കാർലോ അക്കുത്തിസ് ഉയർത്തപ്പെടുന്നത്.വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവയ്പായി 2020ൽ കാർലോ അക്കുത്തിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2013ൽ പാൻക്രിയാസിൽ ബാധിക്കുന്ന ഗുരുതരമായ രോഗമുള്ള ഒരു ബ്രസീലിയൻ കുട്ടി മാത്യൂസ് വിയന്ന എന്ന രണ്ടു വയസുകാരന് കാർലോയുടെ മാധ്യസ്ഥത്താൽ ലഭിച്ച അദ്ഭുതസൗഖ്യമാണ് കാർലോയെ വാഴ്ത്തപ്പെട്ട പദവിയിലെത്തിച്ചത്.
1991 മേയ് മൂന്നിന് ഇറ്റാലിയൻ മാതാപിതാക്കളുടെ മകനായി ലണ്ടനിൽ കാർലോ അക്കുത്തിസ് ജനിച്ചു. ആൻഡ്രേയ അക്കുത്തിസ്, അന്റോണിയ സൽസാനോ എന്നിവരായിരുന്നു മാതാപിതാക്കൾ. ജോലിസംബന്ധമായ കാരണങ്ങളാൽ, അക്കുത്തിസ് കുടുംബം താമസിയാതെ ഇറ്റലിയിലേക്ക് മടങ്ങി മിലാനിൽ സ്ഥിരതാമസമാക്കി. സഭാധികാരികളുടെ പ്രത്യേക അനുമതിയോടെ 1998 ജൂൺ 16ന് കാർലോയുടെ ഏഴാം വയസിൽ ആദ്യകുർബാന സ്വീകരിച്ചു.
അന്നുമുതൽ പരിശുദ്ധ കുർബാനയോടുള്ള വലിയ സ്നേഹവും ഭക്തിയും കാർലോയിൽ ഉജ്വലിക്കാൻ തുടങ്ങി. പരിശുദ്ധ കുർബാനയോടുള്ള അതിരറ്റ സ്നേഹവും പരിശുദ്ധ കന്യകമറിയത്തോടുള്ള ഭക്തിയും കാർലോയുടെ ആത്മീയജീവിതത്തിന്റെ നെടുംതൂണുകൾ ആയിരുന്നു.
കാർലോയുടെ ഏറ്റവും വലിയ ദുഃഖം കൺസർട്ടുകൾക്കു (സംഗീതക്കച്ചേരി) മുന്നിലും ഫുട്ബോൾ സ്റ്റേഡിയത്തിനു മുന്നിലും ആളുകളുടെ നീണ്ട നിരയുണ്ട്; പക്ഷേ, പരിശുദ്ധ കുർബാന സൂക്ഷിച്ചുവച്ചിരിക്കുന്ന ദേവാലയത്തിനു മുന്നിൽ ഈ നിര കാണുന്നില്ല എന്നതായിരുന്നു. ദിവ്യകാരുണ്യം കാർലോയുടെ ജീവിതകേന്ദ്രവും സ്വർഗത്തിലേക്കുള്ള ഹൈവേയും ആയിരുന്നു.
സഭ അംഗീകരിച്ച ദിവ്യകാരുണ്യ അദ്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ വെബ്സൈറ്റ് പതിനൊന്നാം വയസിൽ തയാറാക്കാനും കാർലോ തന്റെ കംപ്യൂട്ടർ കഴിവുകളും ഇന്റർനെറ്റ് പരിജ്ഞാനവും ഉപയോഗിച്ചു.
വീഡിയോ ഗെയിമുകൾ കളിക്കാൻ ഇഷ്ടമായിരുന്ന കാർലോയുടെ പ്രിയപ്പെട്ട ഗെയിമുകൾ നിൻടെൻഡോ ഗെയിം ബോയ്, ഗെയിം ക്യൂബ്, പ്ലേ സ്റ്റേഷൻ, എക്സ്ബോക്സ് എന്നിവ ആയിരുന്നു. വീഡിയോ ഗെയിം കളിക്കുന്നതിന് ആഴ്ചയിൽ രണ്ടു മണിക്കൂർ എന്ന സമയ പരിധി കാർലോ സ്വയം നിശ്ചയിച്ചിരുന്നു. സ്പൈഡർമാൻ, പോക്കിമോൻ എന്നിവയും കാർലോയ്ക്ക് ഇഷ്ടപ്പെട്ട ഗെയിമുകളായിരുന്നു.
ആപ്പിളിന്റെ മുൻ സിഇഒ സ്റ്റീവ് ജോബ്സും കൗമാരക്കാരനായ കാർലോയെ സ്വാധീനിച്ചിരുന്നു, പ്രത്യേകിച്ച് ജോബ്സിന്റെ “നിങ്ങളുടെ സമയം പരിമിതമാണ്, അതിനാൽ മറ്റൊരാളുടെ ജീവിതം നയിച്ച് അതു പാഴാക്കരുത്” എന്ന വാക്യവും “ഇല്ല എന്ന് പറയുന്നതിലൂടെ മാത്രമേ നിങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ” എന്ന വാക്യവും സവിശേഷ പരാമർശം അർഹിക്കുന്നതാണ്.
2006 ഒക്ടോബർ ആദ്യം കാർലോയ്ക്ക് പനി ബാധിച്ച് ഭയാനകമായ രക്താർബുദം സ്ഥിരീകരിച്ചു. കാർലോ ആ വാർത്ത ശാന്തമായി സ്വീകരിച്ചു. മരിക്കുന്നതിനു മുമ്പ്, തന്റെ സഹനങ്ങൾ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കും സഭയ്ക്കുംവേണ്ടി സമർപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു: “ശുദ്ധീകരണസ്ഥലത്തേക്കു പോകാതെ നേരേ സ്വർഗത്തിലേക്കു പോകുന്നതിനായി മാർപാപ്പയ്ക്കും സഭയ്ക്കുംവേണ്ടി ഞാൻ എന്റെ എല്ലാ കഷ്ടപ്പാടുകളും കർത്താവിനു സമർപ്പിക്കുന്നു.”
മറ്റൊരു സന്ദർഭത്തിൽ കാർലോ ഇങ്ങനെ പ്രസ്താവിച്ചു: “മരിക്കാൻ എനിക്ക് സന്തോഷമുണ്ട്; കാരണം ദൈവത്തെ പ്രസാദിപ്പിക്കാത്ത കാര്യങ്ങളിൽ ഒരു മിനിറ്റ് പോലും പാഴാക്കാതെ ഞാൻ എന്റെ ജീവിതം നയിച്ചു.”
ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിക്കാൻ ‘ദൈവത്തിന്റെ ഇൻഫ്ളുവൻസർ’ ആയി ജീവിക്കാൻ മില്ലേനിയൽ വിശുദ്ധൻ കാർലോ അക്കുത്തിസിന്റെ ജീവിതം നമ്മെ സഹായിക്കട്ടെ.
അശരണരുടെ കണ്ണീരൊപ്പിയ വിശുദ്ധന്
വത്തിക്കാന്‍സിറ്റി: തന്റെ ഹ്രസ്വമായ ജീവിതകാലം മുഴുവന്‍ അശരണര്‍ക്കും ആലംബഹീനര്‍ക്കും ഉഴിഞ്ഞുവച്ച പിയെര്‍ ജോര്‍ജോ മൈക്കലാഞ്ചലോ ഫ്രസാത്തിയുടെ ജനനം 1901 ഏപ്രില്‍ ആറിന് ഇറ്റാലിയന്‍ നഗരമായ ടൂറിനിലായിരുന്നു. ഇറ്റാലിയന്‍ സെനറ്ററും ജര്‍മനിയിലെ അംബാസഡറുമായ ആല്‍ഫ്രെഡോയും ചിത്രകാരിയായ അഡലെയ്ഡ് അമെറ്റിസുമായിരുന്നു മാതാപിതാക്കള്‍.

ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക പദവികള്‍ വഹിച്ചിരുന്ന അല്‍ഫ്രെഡോ ‘ലാ സ്റ്റാമ്പ’ എന്ന പത്രത്തിന്റെ സ്ഥാപകനും ഇറ്റാലിയൻ രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയുമായിരുന്നു.
സമ്പന്ന കുടുംബാംഗമായിരുന്നുവെങ്കിലും പ്രാര്‍ഥനയിലായിരുന്നു പിയെറിനു ചെറുപ്പത്തിലേ കൂടുതല്‍ താത്പര്യം. പതിനേഴാം വയസില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയില്‍ ചേര്‍ന്ന പിയെര്‍ ജോര്‍ജോ രോഗികളുടെയും ദരിദ്രരുടെയും പരിചരണത്തിലാണു കൂടുതൽ ശ്രദ്ധനൽകിയിരുന്നത്. ഒന്നാം ലോകം സൃഷ്ടിച്ച കെടുതികളില്‍പ്പെട്ട ആയിരങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്നു ആ പ്രവര്‍ത്തനങ്ങള്‍. അക്കാലത്ത് കൽക്കരി ഖനിയിലെ തൊഴിലാളികളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണെന്നു കേട്ടറിഞ്ഞ അദ്ദേഹം അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിനിലെ റോയല്‍ പോളിടെക്നിക് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. ഖനിയിലെ ജോലിയായിരുന്നു മനസില്‍.
1919ല്‍ കാത്തലിക് സ്റ്റുഡന്റ് ഫൗണ്ടേഷനില്‍ അംഗമായി. ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് പാര്‍ട്ടിയിലും ചേര്‍ന്നു. കൈവശമുള്ള ചെറിയ സമ്പാദ്യംപോലും പാവപ്പെട്ടവര്‍ക്കായി അദ്ദേഹം മാറ്റിവച്ചു. തിരക്കേറിയ ജീവിതത്തിന്റെ ഇടവേളകളില്‍ കലയ്ക്കും സംഗീതത്തിനും സമയം കണ്ടെത്തുകയും ചെയ്തു. കവി ഡാന്റേയുടെ മുഴുവന്‍ രചനകളും ഒരുവേള അദ്ദേഹം ഹൃദിസ്ഥമാക്കുകയും ചെയ്തു. മലകയറ്റം ഉള്‍പ്പെടെ സാഹസിക വിനോദത്തിലും ഏറെ തത്പരനായിരുന്നു.
പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പാണ് അദ്ദേഹം അസുഖബാധിതനായത്. ഏറെ ദിവസമായി അദ്ദേഹത്തിന്റെ പരിചരണമേറ്റുവാങ്ങിയ ഒരു രോഗിയില്‍നിന്നു രോഗബാധയുണ്ടായെന്നാണു സംശയം. ഒരാഴ്ചയോളം കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടശേഷം 1925 ജൂലൈ നാലിനു മരണത്തെ പുല്കുമ്പോള് വെറും 24 വയസായിരുന്നു പ്രായം.
തന്റെ ജനതയ്ക്കു പിയെര്‍ ജോര്‍ജോ നല്കിയ വിലപ്പെട്ട സംഭാവനകളുടെ നേര്‍സാക്ഷ്യമായിരുന്നു മൃതദേഹ സംസ്കാരത്തിനു തടിച്ചുകൂടിയ ആയിരങ്ങളുടെ കണ്ണീര്വിലാപങ്ങള്. ടൂറിനിലെ ഏറ്റവും സ്വാധീനമുള്ള ഫ്രസാത്തി കുടുംബത്തിലാണു ജനിച്ചതെന്നുപോലും പലരും അറിയുന്നത് അപ്പോഴാണ്. 1989ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു.