മാർപാപ്പ അനുശോചിച്ചു
Wednesday, September 3, 2025 2:45 AM IST
വത്തിക്കാൻ സിറ്റി: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ചയുണ്ടായ ഭൂകമ്പദുരന്തത്തിലും സുഡാനിലെ പടിഞ്ഞാറൻ ദാർഫർ മേഖലയിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ആയിരത്തോളം പേർ മരിച്ച സംഭവത്തിലും ലെയോ പതിനാലാമൻ മാർപാപ്പ അനുശോചിച്ചു.
അഫ്ഗാനിസ്ഥാനിലെ ഭൂകന്പത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായും മുറിവേറ്റവർക്കും കാണാതായവർക്കും വേണ്ടിയും പ്രാർഥിക്കുന്നതായും പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരോടും രക്ഷാപ്രവർത്തനത്തിലും വീണ്ടെടുക്കൽ പ്രക്രിയയിലും ഏർപ്പെട്ടിരിക്കുന്നവരോടും പൗരാധികാരികളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെത്രോ പരോളിൻ മുഖേന അയച്ച സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
സുഡാൻ ദുരന്തത്തിൽ അനുശോചനമറിയിച്ച് എൽ ഒബെയ്ദ് രൂപത ബിഷപ് യുനാൻ ടൊംബെയ്ക്ക് അയച്ച ടെലഗ്രാം സന്ദേശത്തിൽ, മരിച്ചവർക്കുവേണ്ടിയും കാണാതായവരെ എത്രയും വേഗം കണ്ടെത്താനായും പ്രാർഥിക്കുന്നതായി മാർപാപ്പ പറഞ്ഞു. പ്രിയപ്പെട്ടവരേയോർത്തു വ്യസനിക്കുന്നവർക്കൊപ്പം താനും ചേരുകയാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.