അധികതീരുവ നിയമവിരുദ്ധം : യുഎസ് ഫെഡറൽ കോടതി
Sunday, August 31, 2025 2:08 AM IST
വാഷിംഗ്ടണ്‍: യുഎസിലേക്കു കയറ്റുമതിചെയ്യുന്ന രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ അധികതീരുവ നിയമവിരുദ്ധമെന്ന് അഭിപ്രായപ്പെട്ട് ഫെഡറല്‍ കോടതി.
അതേസമയം, അധികതീരുവ റദ്ദാക്കാന്‍ കോടതി തയാറായില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കുമെന്നു ട്രംപ് ഭരണകൂടം അറിയിച്ചതോടെ ഒക്ടോബര്‍ 14 വരെ വിധി മരവിപ്പിച്ചതായി ഫെഡറല്‍ കോടതി പറയുകയായിരുന്നു.
സുപ്രീംകോടതിയുടെ സഹായത്തോടെ അധികതീരുവ തീരുമാനം നടപ്പാക്കുമെന്നും യുഎസിനെ രക്ഷിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ ഫെഡറല്‍ കോടതി വിധിയുടെ ചുവടുപിടിച്ച് ഒക്ടോബറില്‍ സുപ്രീംകോടതിയില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഗോളവിപണി.
നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിനല്ല മറിച്ച് യുഎസ് കോണ്‍ഗ്രസിനാണെന്നാണ് യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദ് ഫെഡറല്‍ സര്‍ക്യൂട്ടിന്റെ വിധിന്യായത്തിൽ പറയുന്നത്. പ്രസിഡന്റിന്റെ തീരുമാനം നിയമവിരുദ്ധവും അധികാരലംഘനവുമാണ്.
ഇന്റർനാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട്(ഐഇഇപിഎ) പ്രകാരം ട്രംപ് പ്രഖ്യാപിച്ച തീരുവകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാര ലംഘനവുമാണ് -ഫെഡറല്‍ കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു.
കേസ് പരിഗണിച്ച ബെഞ്ചിലെ ഏഴ് ജഡ്ജിമാരും ട്രംപിന്റെ തീരുമാനം അധികാരലംഘനമാണെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ നാലുപേര്‍ ട്രംപിനെ അനൂകൂലിച്ചു.
ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് തീരുവ പ്രഖ്യാപിച്ചതെന്ന് കഴിഞ്ഞ മേയില്‍ കീഴ്ക്കോടതി വിധിച്ചിരുന്നു. ഇതിനെതിരേയുള്ള അപ്പീലിലാണു സമാനമായ പരാമര്‍ശങ്ങള്‍.
വൈറ്റ് ഹൗസിലേക്കു രണ്ടാംതവണയും എത്തി ഏഴുമാസത്തിനുള്ളിലാണ് ആഗോള സാമ്പത്തിക വ്യാപാരക്രമത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച അധികതീരുവ പ്രഖ്യാപനത്തിലേക്ക് ട്രംപ് എത്തിയത്. ഏകപക്ഷീയ വ്യാപാരക്കരാറുകള്‍ക്ക് സമ്മതിക്കാത്ത രാജ്യങ്ങളെ നിലയ്ക്കു നിര്‍ത്താനും അതുവഴി ആ രാജ്യങ്ങളില്‍നിന്ന് വലിയ ഇളവുകള്‍ നേടിയെടുക്കാനുമാണ് ട്രംപിന്റെ നീക്കം.
നിലപാട് മാറ്റില്ലെന്നു വീണ്ടും ട്രംപ്
അധികതീരുവ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തീരുമാനം റദ്ദാക്കുന്നതു രാജ്യത്തെ സംബന്ധിച്ച് വിനാശകരമായിരിക്കുമെന്നും കോടതിയുടെ വിധിയോട് ട്രംപ് പ്രതികരിച്ചു. അധികനികുതി ചുമത്താനുള്ള തീരുമാനം ഇതിനകം പ്രാബല്യത്തിലായിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ അപ്പീല്‍ കോടതി തെറ്റായി പറഞ്ഞിരിക്കുകയാണ്.
വിധി ഏകപക്ഷീയമാണ്. പക്ഷേ, അവസാനം അമേരിക്കതന്നെ വിജയിക്കും. അധികതീരുവ ഇല്ലെങ്കില്‍ വലിയ ദുരിതമാകും രാജ്യത്തെ കാത്തിരിക്കുക. സാമ്പത്തികമായി അതു യുഎസിനെ ദുര്‍ബലപ്പെടുത്തും. നമ്മള് ശക്തരായിരിക്കണം.
ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നവരെയും കര്‍ഷകരെയും ഉള്‍പ്പെടെ എല്ലാവരെയും ദുര്‍ബലപ്പെടുത്തുന്ന മറ്റു രാജ്യങ്ങള്‍, അവര്‍ സുഹൃത്തക്കളായാലും ശത്രുക്കളായാലും യുഎസിന് ഇനി സഹിഷ്ണുത കാണിക്കാനാകില്ല. തൊഴിലാളികളെ സഹായിക്കാനും മെയ്ഡ് ഇന്‍ അമേരിക്ക ഉത്പന്നനിര്മാതാക്കളെ പിന്തുണയ്ക്കാനുമുള്ള മികച്ച ഉപകരണമാണ് അധികതീരുവ.
രാജ്യത്തെക്കുറിച്ച് കരുതലില്ലാത്ത വിവേകശൂന്യരായ രാഷ്ട്രീയക്കാര്‍ വര്‍ഷങ്ങളായി തീരുവയെ നമുക്കെതിരേ ഉപയോഗിക്കാന്‍ അനുവദിക്കുകയായിരുന്നു. ഇനി സുപ്രീംകോടതിയുടെ സഹായത്തോടെ രാജ്യത്തിന്റെ നേട്ടത്തിനായി തീരുവ ഉപയോഗിക്കും. അതുവഴി യുഎസിനെ വീണ്ടും സമ്പന്നതയിലെത്തിക്കും -ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു.