നൈജീരിയയിൽ 35 ജിഹാദി തീവ്രവാദികൾ കൊല്ലപ്പെട്ടു
Monday, August 25, 2025 12:30 AM IST
ലാഗോസ്: നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 35 ജിഹാദി തീവ്രവാദികൾ കൊല്ലപ്പെട്ടു. കാമറൂൺ അതിർത്തിയോടു ചേർന്ന് നാലു സ്ഥലങ്ങളിൽ ജിഹാദികൾ കരസേനയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു വ്യോമസേന ഇടപ്പെട്ടത്. കരസേനയുടെ സംരക്ഷണത്തിന് ഇനിയും ആക്രമണം നടത്തുമെന്നു വ്യോമസേന അറിയിച്ചു.
ജിഹാദികൾക്കു പുറമേ ക്രിമിനൽ സംഘങ്ങളും നൈജീരിയയിൽ സജീവമാണ്. വംശീയ സംഘർഷങ്ങളും മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകളും സാധാരണ സംഭവങ്ങളായി. ഇപ്പോഴത്തെ പ്രസിഡന്റ് ബോലാ ടിനുബു രണ്ടു വർഷം മുന്പ് അധികാരമേറ്റശേഷം മാത്രമുണ്ടായ അക്രമസംഭവങ്ങളിൽ 10,217 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടിയിരുന്നു.
നൈജീരിയയുടെ പല ഭാഗങ്ങളിലും യുദ്ധസമാന സാഹചര്യങ്ങളാണെന്നും അക്രമപ്രവർത്തനങ്ങൾ തടയാൻ പ്രസിഡന്റ് ടിനുബു ദൗത്യസേന രൂപവത്കരിക്കണമെന്നും മുൻ മന്ത്രിമാർ, ബിസിനസ് പ്രമുഖർ, ആക്ടിവിസ്റ്റുകൾ എന്നിവർ ശനിയാഴ്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.