ലോകത്തെ ഏറ്റവും വലിയ സൗരോർജ പാടം ചൈനയിൽ
Saturday, August 23, 2025 2:51 AM IST
ബെയ്ജിംഗ്: ലോകത്തെ ഏറ്റവും വലിയ സൗരോർജ പാടം ചൈനയിലെ ടിബറ്റന്‍ മേഖലയില്‍ പൂർത്തിയാകുന്നു. ക്വിന്‍ഹായ് പ്രവിശ്യയില്‍ 610 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണു സൗരോർജ പാടം നിർമിക്കുന്നത്.
നിർമാണം പൂർത്തിയായാൽ അമേരിക്കന്‍ നഗരമായ ഷിക്കാഗോയേക്കാള് വലുതായിരിക്കും ഈ സൗരോർജ പാടമെന്നാണു റിപ്പോര്‍ട്ടുകള്‍. ഇവിടെനിന്ന് 50 ലക്ഷം വീടുകള്‍ക്കാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുകയാണു ലക്ഷ്യം.
സൗരോജത്തില്നിന്നുള്ള ചൈനയിലെ വൈദ്യുതി ഉത്പാദനം ഇതിനോടകം ജലവൈദ്യുതിയെ മറികടന്നിട്ടുണ്ട്. ഈ വര്‍ഷംതന്നെ കാറ്റില്‍നിന്നുള്ള വൈദ്യുതി ഉത്പാദനത്തെയും മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഊർജസ്രോതസായി സൗരോർജം മാറുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടിബറ്റന്‍ പീഠഭൂമിയില്‍ അനന്തമായി പരന്നുകിടക്കുന്ന സൗരോർജ പാടം ഇതിനോടകം മേഖലയിലെ വരണ്ട ഭൂപ്രകൃതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പാനലുകളുടെ നിഴല്‍ വരണ്ട മണ്ണിന്റെ ബാഷ്പീകരണം മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു. ഇതു സസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്കു സഹായകമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഊര്‍ജ ഉപഭോഗത്തിനായി സൗരോർജത്തെ ആശ്രയിക്കുന്നതില്‍ മുന്നിലുള്ള രാജ്യങ്ങളിലൊന്നാണു ചൈന. സൗരോർജത്തോടുള്ള ചൈനയുടെ താത്പര്യം രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഉള്‍പ്പെടെ സ്വാധീനിച്ചിട്ടുണ്ടെന്നാണു കണക്കുകള്‍.
ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം ഈവർഷം ഇതുവരെ ചൈനയിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. 2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന നടത്തുന്ന മുന്നേറ്റത്തിനു പ്രതീക്ഷ നല്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.