ബന്ദികളുടെ മോചനം: ഇസ്രയേലിൽ വൻ പ്രതിഷേധം
Monday, August 18, 2025 1:03 AM IST
ജറൂസലെം: ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരുടെ മോചനം ആവശ്യപ്പെട്ട് ഇസ്രയേലിൽ വൻ പ്രതിഷേധം. ഇന്നലെ പ്രതിഷേധക്കാർ രാജ്യവ്യാപക സമരം നടത്തി. റോഡ് ഗതാഗതം തടസപ്പെട്ടു. കടകൾ അടഞ്ഞുകിടന്നു. ബന്ദികളുടെ കുടുംബാംഗങ്ങളെയും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പ്രതിനിധീകരിക്കുന്ന രണ്ടു ഗ്രൂപ്പുകളാണ് പ്രതിഷേധം നടത്തിയത്.
ജലപീരങ്കി ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് നേരിട്ടത്. 38 പേർ അറസ്റ്റിലായി. ഇരുപതോളം ബന്ദികൾ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയനേതാക്കളുടെ വീടുകൾക്കും സൈനിക ആസ്ഥാനങ്ങൾക്കും മുന്നിൽ ഉൾപ്പെടെയായിരുന്നു പ്രതിഷേധം. സൈനികസമ്മർദം ഉപയോഗിച്ച് ബന്ദികളെ മോചിപ്പിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ചർച്ച നടത്തി ബന്ദിമോചനം സാധ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.