ക്ലാസി ബാഴ്സ... ലാ ലിഗ സീസണിന് ജയത്തോടെ തുടക്കം കുറിച്ച് ബാഴ്സലോണ
Monday, August 18, 2025 1:25 AM IST
മയ്യോര്‍ക്ക: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണ ജയത്തോടെ 2025-26 സീസണിനു തുടക്കമിട്ടു.
എവേ പോരാട്ടത്തില്‍ മയ്യോര്‍ക്കയെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ബാഴ്സലോണ തകര്‍ത്തത്. കൗമാര സൂപ്പര്‍ താരം ലാമിന് യമാലിന്റെ മിന്നും പ്രകടനമാണ് മത്സരത്തിന്റെ ഹൈലൈറ്റ്. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്ത യമാലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. കഴിഞ്ഞ സീസണില്‍ ബാഴ്സയുടെ ആക്രമണത്തിന്റെ കരുത്തുറ്റ സഖ്യമായ യമാല്‍-റാഫീഞ്ഞ കോമ്പിനേഷന്റെ ആദ്യഫലം ഏഴാം മിനിറ്റിലെത്തി. യമാലിന്റെ കര്‍ലിംഗ് ക്രോസിനു തലവച്ച റാഫീഞ്ഞയ്ക്കു പിഴച്ചില്ല. 1-0നു ബാഴ്സലോണ മുന്നില്‍.
പ്രതിഷേധം, ഗോള്‍
23-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ബോക്സിനു പുറത്തുനിന്നു തൊടുത്ത ഷോട്ട് മയ്യോര്‍ക്കയുടെ വലയില്‍. എന്നാല്‍, ബില്‍ഡപ്പിനിടെ പന്ത് തലയ്ക്കുകൊണ്ട് മയ്യോര്‍ക്ക താരം വീണു കിടന്നതിനാല്‍ ആതിഥേയര്‍ പരാതിപ്പെട്ടു. എന്നാല്‍, മയ്യോര്‍ക്ക താരങ്ങളുടെ പ്രതിഷേധം തള്ളിയ റഫറി മത്സരം തുടരാന്‍ ആവശ്യപ്പെട്ടു. 33-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ മനു മോര്ലാനെസ് പുറത്തായതോടെ മയ്യോര്‍ക്കയുടെ അംഗബലം 10ലേക്കു ചുരുങ്ങി. ഫെറാന്‍ ടോറസിന്റെ ഗോളിനെതിരേ പ്രതിഷേധിച്ചതിനായിരുന്നു മോര്ലാനെസ് ആദ്യം മഞ്ഞക്കാര്‍ഡ് കണ്ടത്.
39-ാം മിനിറ്റില്‍ ഹൈബോളിനായുള്ള ശ്രമത്തിനിടെ ബാഴ്സ ഗോള്‍ കീപ്പര്‍ ജോവാന് ഗാര്‍സിയയെ ചവിട്ടിയതിന് വേദത് മുറിഖി ചുവപ്പ് കണ്ടു പുറത്ത്. വീഡിയോ റിവ്യൂവിലൂടെയാണ് ആദ്യം നല്കിയ മഞ്ഞക്കാര്‍ഡ്, റഫറി ചുവപ്പാക്കിയത്. അതോടെ മയ്യോര്‍ക്കയുടെ അംഗബലം ഒമ്പത്.
സ്റ്റോപ്പേജ് ടൈമില്‍ (90+4’) യമാല്‍ ബാഴ്സയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി. മറ്റു മത്സരങ്ങളില്‍ അലാവെസ് 2-1ന് ലെവാന്റയെ തോല്‍പ്പിച്ചു. വലെന്‍സിയയും റയല്‍ സോസിഡാഡും 1-1 സമനിലയില്‍ പിരിഞ്ഞു.