ഡോണറുമ പിഎസ്ജി വിട്ടു
Thursday, August 14, 2025 12:23 AM IST
പാരീസ്: കരാര്‍ തര്‍ക്കത്തെത്തുടര്‍ന്ന് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നുമായി (പിഎസ്ജി) പിണങ്ങിപ്പിരിഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇന്റര്‍ മിലാന് ടീമുകളിലൊന്നിലേക്ക് ഡോണറുമ ചേക്കേറിയേക്കുമെന്നാണ് സൂചന. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ റേസില്‍ ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഏതായാലും കഴിഞ്ഞ രാത്രി നടന്ന യുവേഫ സൂപ്പര്‍ കപ്പിനുള്ള പിഎസ്ജി ടീമില്‍നിന്ന് ഡോണറുമയെ ഒഴിവാക്കിയിരുന്നു.
പിഎസ്ജി x ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ യുവേഫ സൂപ്പര്‍ കപ്പ് കിക്കോഫിനു മുമ്പുതന്നെ താന്‍ ക്ലബ് വിടുന്നതായുള്ള പ്രഖ്യാപനം ഡോണറുമ നടത്തി.
അതൃപ്തിയോടെ മടക്കം
“തുടക്കം മുതല്‍ പിഎസ്ജിക്കായി പൂര്‍ണമായി സമര്‍പ്പിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ടീമിന്റെ ഭാഗമല്ലെന്നു മറ്റു ചിലര്‍ നിശ്ചയിച്ചു’’ എന്ന തുറന്നു പറച്ചിലോടെയാണ് ഡോണറുമ ക്ലബ് വിടുന്നതായി അറിയിച്ചത്.
ഒരു വര്‍ഷം കൂടി കരാര്‍ കാലാവധി ബാക്കിയുള്ള ഡോണറുമ, കരാര്‍ നീട്ടാന്‍ താത്പര്യപ്പെട്ടിരുന്നു. എന്നാല്‍, ക്ലബ്ബിലെ പുതിയ സാമ്പത്തിക ക്രമത്തിനു കീഴില്‍ കരാര്‍ പുതുക്കാന്‍ ഡോണറുമ താത്പര്യപ്പെട്ടില്ല. ടീമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം (മാസം 8.70 കോടി രൂപ) കൈപ്പറ്റുന്ന താരങ്ങളിലൊരാളായിരുന്നു 26കാരനായ ഡോണറുമ.
ഡോണറുമയെ ഒഴിവാക്കാനായി ഫ്രഞ്ച് ഗോള്‍ കീപ്പറായ ലൂകാസ് ഷെവലിയാറിനെ കഴിഞ്ഞയാഴ്ച പിഎസ്ജി സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ക്ലബ്ബായ ലിലെയില്നിന്ന് 409 കോടി രൂപയ്ക്കാണ് 22കാരനായ ലൂകാസിനെ പിഎസ്ജി സ്വന്തമാക്കിയത്.
2021ല്‍ ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാനില്‍നിന്നാണ് ഡോണറുമ പിഎസ്ജിയിലെത്തിയത്. ഇറ്റാലിയന്‍ ദേശീയ ടീമിനൊപ്പം 2020 യൂറോ കപ്പ്, പിഎസ്ജിക്കൊപ്പം 2024-25 യുവേഫ ചാമ്പ്യന്‍സ് ലീഗ്, നാലു തവണ ഫ്രഞ്ച് ലീഗ് വണ്‍ തുടങ്ങിയ കിരീട നേട്ടങ്ങളില്‍ പങ്കാളിയാണ് ഡോണറുമ.