ട്രംപ്-പുടിൻ ഉച്ചകോടിക്കു വേദി യുഎസ് സൈനിക താവളം
Thursday, August 14, 2025 4:11 AM IST
മോസ്കോ: യുക്രെയ്ൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും നാളെ കൂടിക്കാഴ്ച നടത്തുന്നത് അലാസ്കയിലെ എൽമണ്ടോർഫ്-റിച്ചാഡ്സൺ സംയുക്ത സൈനികതാവളത്തിലെന്നു റിപ്പോർട്ട്.
അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിലായിരിക്കും കൂടിക്കാഴ്ചയെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നെങ്കിലും കൃത്യമായ സ്ഥലം വെളിപ്പെടുത്തിയില്ല.
ആങ്കറേജ് നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള സംയുക്ത സൈനികതാവളമാണു സുപ്രധാന ഉച്ചകോടിയുടെ വേദിയെന്നു സിഎൻഎൻ അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലം എന്നതിനു പുറമേ, അലാസ്കയിലെ ടൂറിസ്റ്റ് സീസൺകൂടി കണക്കിലെടുത്താണു തീരുമാനം. യുഎസ് വ്യോമ, കര സേനകളുടെ സംയുക്ത താവളമായ 5,000 സൈനികരുണ്ട്.
ഇതിനിടെ, ട്രംപ്-പുടിൻ ഉച്ചകോടിക്കു മുന്നോടിയായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഇന്നലെ ജർമനിയിലെത്തി ചാൻസലർ ഫ്രീഡ്രിക് മെർസ് അടക്കം യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തി. തുടർന്ന് സെലൻസ്കിയും ട്രംപും ഫോണിൽ ചർച്ച നടത്തി.
വെടിനിർത്തലിനായി യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കണമെന്ന ട്രംപിന്റെ നിർദേശം സ്വീകാര്യമല്ലെന്ന് സെലൻസ്കി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ യൂറോപ്യൻ നേതാക്കൾ സെലൻസ്കിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.