അധികതീരുവ ചൈനയ്ക്ക് 90 ദിവസത്തെ സാവകാശം നൽകി ട്രംപ്
Wednesday, August 13, 2025 2:16 AM IST
വാഷിംഗ്ടൺ: അധികതീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് 90 ദിവസത്തെ സാവകാശം അനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചതായും കരാറിലെ മറ്റു ഘടകങ്ങളെല്ലാം നിലനിൽക്കുമെന്നും ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതേത്തുടർന്ന്, അമേരിക്കൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയ അധിക തീരുവ മരവിപ്പിക്കുന്നതായി ചൈനയും അറിയിച്ചു.
അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനും ഇപ്പോഴത്തെ നടപടി വഴിത്തിരിവായേക്കുമെന്ന് യുഎസ്-ചൈന ബിസിനസ് കൗൺസിൽ പ്രസിഡന്റ് സീൻ സ്റ്റെയ്ൻ പ്രതികരിച്ചു.
ഈ വർഷം അവസാനത്തോടെ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലൊരു ഉച്ചകോടി നടക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചൈനയുമായി വ്യാപാരബന്ധം പുലർത്തുന്ന കന്പനികൾ ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.