ഐസിസി വനിതാ ഏകദിന ലോകകപ്പ് വേദിയായി തിരുവനന്തപുരം കാര്യവട്ടം പരിഗണനയിൽ
Tuesday, August 12, 2025 10:23 PM IST
തിരുവനന്തപുരം: ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നേക്കുമെന്നു സൂചന. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെയാണ് ലോകകപ്പ്. 1978, 1997, 2013 വര്‍ഷങ്ങളിലും ഇന്ത്യ വനിതാ ഏകദിന ലോകകപ്പിനു വേദിയായിട്ടുണ്ട്.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. പാക്കിസ്ഥാന്റെ മത്സരങ്ങള്‍ കൊളംബോയിലാണ് അരങ്ങേറുക.
ഒരു സെമി ഫൈനല്‍ മത്സരവും പ്രാഥമിക റൗണ്ട് മത്സരവും തിരുവനന്തപുരത്ത് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹമത്സരങ്ങള്‍ക്കും (സെപ്റ്റംബര്‍ 25, 27) കാര്യവട്ടം വേദിയായേക്കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഔദ്യോഗിക അറിയിപ്പ് വരുന്നതോടെ ഒരുക്കങ്ങള്‍ തുടങ്ങുമെന്ന് കെസിഎ വൃത്തങ്ങൾ സൂചിപ്പിച്ചു.
ചിന്നസ്വാമിയിലെ മത്സരങ്ങള്‍
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് എത്തിയേക്കുമെന്നാണ് വിവരം. 2025 സീസണ് ഐപിഎല്‍ കിരീടം നേടിയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ (ആര്‍സിബി) ആഘോഷ പരിപാടിക്കിടെ ദുരന്തം സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗത്തില്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം പരിഗണിച്ചിരുന്നതായാണ് സൂചന.
ബംഗളൂരുവില്‍ നടത്താനിരുന്ന മത്സരങ്ങള്‍ പൂര്‍ണമായി കാര്യവട്ടത്തേക്ക് എത്തിയാല്‍ ലോകകപ്പിന്റെ ഉദ്ഘാടനത്തിനുള്ള അവസരവും ലഭിക്കും. സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന 2025 ഐസിസി വനിതാ ലോകകപ്പിലെ ഉദ്ഘാടനമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബംഗളൂരുവില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനു പുറമേ, ഇംഗ്ലണ്ട് x ദക്ഷിണാഫ്രിക്ക (ഒക്ടോബര്‍ 3), ഇന്ത്യ x ബംഗ്ലാദേശ് (ഒക്ടോബര്‍ 26), രണ്ടാം സെമി ഫൈനല്‍ (ഒക്ടോബര്‍ 30), പാക്കിസ്ഥാന് ഫൈനലില്‍ വന്നില്ലെങ്കില്‍ നവംബര്‍ രണ്ടിലെ ഫൈനല്‍ എന്നിങ്ങനെ അഞ്ച് മത്സരങ്ങളുടെ വേദിയായി ബംഗളൂരുവിനെ നിശ്ചയിച്ചിരുന്നു.
ചിന്നസ്വാമി ഫിറ്റല്ല
പതിനൊന്നു പേരുടെ മരണം നടന്ന ആര്‍സിബി ദുരന്തത്തിനുശേഷം കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡി. കുന്‍ഹ കമ്മീഷന്റെ കണ്ടെത്തലനുസരിച്ച് വലിയ തോതിലുള്ള പരിപാടികള്‍ക്ക് ചിന്നസ്വാമി സ്റ്റേഡിയം സുരക്ഷിതമല്ല. മാത്രമല്ല, ഓഗസ്റ്റ് 10നുള്ളില്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള പോലീസ് ക്ലിയറന്‍സ് നേടണമെന്ന ബിസിസിഐയുടെ ആവശ്യം സാധ്യമാക്കാന്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്സിഎ) ഇതുവരെ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.
പ്രവേശന, എക്സിറ്റ് പോയിന്റുകളുടെ അപര്യാപ്തത, പൊതുഗതാഗതത്തിലേക്കുള്ള മോശം കണക്റ്റിവിറ്റി, ക്യൂ ഏരിയകളുടെ അഭാവം, അടിയന്തര ഒഴിപ്പിക്കല്‍ പദ്ധതികളുടെ കുറവ്, പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയവയും വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കി.
പോലീസ് അനുമതി നല്കാത്തതിനാല് ഓഗസ്റ്റ് 11 മുതല്‍ 28 വരെ നടക്കുന്ന കര്‍ണാടകത്തിലെ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നായ മഹാരാജാസ് ട്രോഫി ട്വന്റി-20 മൈസൂരുവിലേക്കു മാറ്റിയിരുന്നു.
കാര്യവട്ടത്തിന്റെ സാധ്യത
ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ രണ്ടാം കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20 നടത്താനുള്ള ഒരുക്കത്തിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഫ്ളഡ്ലൈറ്റ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കെസിഎല്ലിനായി കേരള ക്രിക്കറ്റ് അസോസിയേഷന് നവീകരിച്ചിരുന്നു.
ഐസിസി വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കണമെങ്കില്‍ കെസിഎല്‍ രണ്ടാം സീസണ് കാര്യവട്ടത്തിനു പുറത്തേക്കു കൊണ്ടുപോകേണ്ടിവരും. കാരണം, ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകള്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് സ്റ്റേഡിയം വിട്ടുനല്‍കേണ്ടതുണ്ട്.
അതായത്, ബിസിസിഐയും ഐസിസിയും ഒരാഴ്ചയ്ക്കുള്ളില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടിവരും.