അമേരിക്കയുടെ അധിക ഇറക്കുമതി തീരുവ ; സൂറത്ത് വജ്രവ്യാപാരികൾക്കു തിരിച്ചടി
Tuesday, August 12, 2025 11:26 PM IST
ഗുജറാത്ത്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യക്കെതിരേ അധിക തീരുവ പ്രഖ്യാപിച്ചതോടെ, ക്രിസ്മസിനായി അമേരിക്കൻ ഉപയോക്താക്കളിൽനിന്ന് ലഭിച്ചിരുന്ന ഓർഡറുകൾ സൂറത്തിലെ വജ്രകന്പനികൾ നിർബന്ധിതമായും താത്കാലികമായും നിർത്തിവച്ചു.
ക്രിസ്മസ് സീസണു മാസങ്ങൾ മാത്രം ശേഷിക്കേ ഇത്തരം പ്രഖ്യാപനം വന്നത് വ്യാപാരികൾക്ക് കനത്ത ആഘാതമായി. അന്താരാഷ്ട്ര വിപണിയിൽ വർഷത്തെ മൊത്തം വില്പനയിൽ ഏകദേശം പകുതി വിഹിതം ലഭിക്കുന്നത് ഈ ഉത്സവകാല വിൽപനകളിൽനിന്നാണ്.
ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2024ൽ അമേരിക്കയുടെ മൊത്തം വജ്ര ഇറക്കുമതിയിൽ 68%വും മൂല്യത്തിൽ 42%വും (5.79 ബില്യൺ ഡോളർ) ഇന്ത്യയിൽനിന്നായിരുന്നു.
അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ മൂല്യമുള്ള വജ്രങ്ങൾ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് 28% വിഹിതവുമായി ഇസ്രയേലാണ്. എന്നാൽ ഇസ്രയേലിൽനിന്നുള്ള ഇറക്കുമതിക്കു ട്രംപ് വെറും 19% തീരുവ മാത്രമാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ഗുജറാത്തിലെ ഡയമണ്ട് വർക്കേഴ്സ് യൂണിയൻ നൽകിയ വിവരങ്ങൾ പ്രകാരം അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ മൂലം സൗരാഷ്ട്ര മേഖലയിലെ ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അമേരിക്കൻ തീരുവ 25% ആയി ഉയർത്തുകയും പിന്നീട് 50% ആയി വർധിപ്പിക്കുകയും ചെയ്തതോടെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചതായി യൂണിയൻ വ്യക്തമാക്കി.
വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനും ആവശ്യമായ ജോലികൾ വലിയ കന്പനികളിൽനിന്ന് ഏറ്റെടുക്കുന്ന ഭാവ്നഗർ, അമ്രേലി, ജൂനാഗഡ് മേഖലകളിൽ ചെറിയ യൂണിറ്റുകളിലാണ് ഏറ്റവും കൂടുതൽ തൊഴിൽനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. ഈ മേഖലയിൽ മൂന്നു മുതൽ നാലു ലക്ഷം വരെ തൊഴിലാളികളാണ് പണിയെടുക്കുന്നത്.
അമേരിക്കയിൽനിന്നും ചൈനയിൽനിന്നുമുള്ള ഓർഡറുകൾ കുറഞ്ഞതോടെ നേരത്തേതന്നെ കച്ചവടം മന്ദഗതിയിലായിരുന്നു. എങ്കിലും, ഏപ്രിലിൽ അമേരിക്ക പ്രഖ്യാപിച്ച തീരുവയാണ് ഏറ്റവും വലിയ തിരിച്ചടിയായത്. മാസം 15,000 മുതൽ 20,000 രൂപ വരെ വരുമാനമുള്ള തൊഴിലാളികളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
അമേരിക്കയുമായി ഉഭയകക്ഷി വ്യാപാരചർച്ചകൾ വേഗത്തിലാക്കുക, കയറ്റുമതി പ്രോത്സാഹനങ്ങൾ, പലിശ സബ്സിഡികൾ, ജിഎസ്ടി റീഫണ്ടുകൾ എന്നിവ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ വ്യവസായികൾ സർക്കാരിന് മുന്നിൽവച്ചിട്ടുണ്ട്.