ദേശീയപാത നിർമാണം: ശിപാർശകളുമായി പിഎസി
Wednesday, August 13, 2025 1:51 AM IST
ന്യൂഡൽഹി: ദേശീയപാത നിർമാണത്തിലുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനു നിർദേശങ്ങളുമായി പാർലമെന്ററി സമിതി.
കേരളത്തിലെ എൻഎച്ച് 66ൽ അടക്കമുണ്ടായ തകർച്ചകളും വീഴ്ചകളും ഉൾപ്പെടെ കണക്കിലെടുത്ത് കെ.സി. വേണുഗോപാൽ എംപി അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പാർലമെന്ററി സമിതിയാണു ദേശീയപാതകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ നിർദേശങ്ങൾ നൽകിയത്.
സുരക്ഷാ പ്രശ്നങ്ങൾ, ടോൾ പിരിവിലെ അപാകതകൾ, നിർമാണത്തിലെ ക്രമക്കേടുകൾ എന്നിവ ആഴത്തിൽ പഠിച്ച് ഗതാഗത മന്ത്രാലയത്തിലെ വിവിധ അധികാരികളുമായി ചർച്ചകൾ നടത്തിയ ശേഷം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്നലെ പാർലമെന്റിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് നിർണായക നിർദേശങ്ങൾ അടങ്ങിയിരിക്കുന്നത്.
ഉപകരാറുകൾ കർശനമായി നിയന്ത്രിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. ഉപകരാറിന്റെ കോണ്ട്രാക്ടർമാർക്കു രജിസ്ട്രേഷൻ നിർബന്ധമാക്കുകയും ഒരു തലത്തിൽ മാത്രം ഉപകരാർ അനുവദിക്കുകയും വേണം. കൂടുതൽ തലത്തിലുള്ള ഉപകരാറുകൾ വളരെ അത്യാവശ്യമാണെങ്കിൽ എൻഎച്ച്എഐയുടെ പ്രത്യേക അനുമതി വേണം.
1800 കോടിയുടെ കരാറുകൾ 900 കോടിക്ക് ഉപകരാർ നൽകുന്ന സന്ദർഭങ്ങൾ, പദ്ധതികൾക്കായി നിശ്ചയിച്ച തുകയും യഥാർഥത്തിൽ ചെലവായ തുകയും തമ്മിലെ അന്തരം എന്നിവ സമിതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനോ എസ്റ്റിമേറ്റിൽ അഴിമതി നടത്താനോ ഇടയാക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ദേശീയപാതകളിലെ സർവീസ് റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തണം. നിർമാണ ഗുണമേന്മ, ഡ്രെയ്നേജ് സംവിധാനം, കണക്ടിവിറ്റി എന്നിവ ഉറപ്പാക്കണം. നിർമാണം പൂർത്തിയാകാത്തതും ഗതാഗതയോഗ്യമാകാത്തതുമായ ദേശീയപാതകളിൽനിന്നു ടോൾ പിരിക്കാൻ പാടില്ല. ടോൾ പിരിവ് യുക്തിപരമായിരിക്കണം.
നിർമാണത്തിനു ചെലവായ മൂലധനവും പതിവ് അറ്റകുറ്റപ്പണിച്ചെലവും വീണ്ടെടുത്തതിനുശേഷം ടോളുകൾ ഗണ്യമായി കുറയ്ക്കണം. നിർമാണം പൂർത്തിയാകാത്തതും ഗതാഗതക്കുരുക്കുള്ളതും ഉപയോഗപ്രദമല്ലാത്തതുമായ റോഡുകളിൽനിന്നു പിരിച്ച ടോൾ തുക റീഫണ്ട് നൽകണം -പാർലമെന്ററി സമിതിയുടെ നിർദേശങ്ങളിൽ പറയുന്നു.
മറ്റു നിർദേശങ്ങൾ
☛ ദേശീയപാതാ അഥോറിറ്റി (എൻഎച്ച്എഐ) ടെൻഡർ നൽകുന്ന നിർമാണ ഏജൻസി എന്ന സ്വഭാവത്തിൽനിന്നു മാറി ആസ്തി നിർമിക്കുക, കൈകാര്യം ചെയ്യുക, ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനം ലഭ്യമാക്കുക, ദീർഘകാല സുസ്ഥിരത ഉറപ്പുവരുത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അടിസ്ഥാനസൗകര്യ വികസന അഥോറിറ്റിയായി മാറണം.
☛ എൻഎച്ച്എഐയുടെ വിവിധ വശങ്ങളിൽ സിഎജി ഓഡിറ്റ് നടന്നിട്ടുണ്ടെങ്കിലും എൻഎച്ച്എഐയിലെ ആഭ്യന്തര വിലയിരുത്തലുകൾ നടത്താൻ സ്വതന്ത്രമായ ഒരു മൂന്നാം കക്ഷിയുടെ ഓഡിറ്റ് അത്യാവശ്യമാണ്.
☛ എൻഎച്ച്എഐ നടപ്പിലാക്കിയ ദേശീയപാത വികസനപദ്ധതിയുടെ സമഗ്രമായ പെർഫോർമൻസ് ഓഡിറ്റ്.
☛ ഡിപിആർ തയാറാക്കുന്നതിനു മുന്പായി പ്രാദേശിക ജനപ്രതിനിധികളുമായും (എംപിമാർ, എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ) സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായും (പൊതുമരാമത്ത്, ജലസേചനം, റവന്യു, ദുരന്തനിവാരണ വകുപ്പുകൾ) കൂടിയാലോചിച്ചു ശിപാർശകൾ സ്വീകരിക്കുന്ന സംവിധാനം തയാറാക്കണം. പ്രസക്തമായ നിദേശങ്ങൾ രേഖപ്പെടുത്തി, വിലയിരുത്തി, ഡിപിആറിൽ നടപ്പിലാക്കണം.
☛ തുടർച്ചയായ നിർമാണത്തകർച്ചകളും കടുത്ത അശ്രദ്ധയുമുണ്ടാകുന്പോൾ എൻഎച്ച്എഐയുടെയോ ദേശീയപാതാ മന്ത്രാലയത്തിന്റെയോ ഭാവി പദ്ധതികളിൽനിന്നു കരാറുകാരെ ഒഴിവാക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യണം.
☛ അംഗീകാരമില്ലാത്ത ടോൾ പ്ലാസകൾ നിയന്ത്രിക്കണം.
☛ ജിപിഎസ് സംവിധാനമുള്ള ആംബുലൻസുകൾ, പെട്രോൾ വാഹനങ്ങൾ, റിക്കവറി യൂണിറ്റുകൾ, ഓട്ടോമേറ്റഡ് ക്രാഷ് ഡിറ്റക്ഷൻ, കേന്ദ്രീകൃത കണ്ട്രോൾ റൂം എന്നിവയെല്ലാം ഉൾപ്പെടുത്തി റോഡപകടങ്ങൾ തടയാനും വേഗത്തിൽ നടപടിയെടുക്കാനും ദേശീയതല സംവിധാനം വേണം.