ഉത്തരകാശി: രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ
Tuesday, August 12, 2025 3:01 AM IST
ഉത്തരകാശി: ഉത്തരകാശിയിൽ മിന്നൽപ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിനു വെല്ലുവിളിയായി കനത്ത മഴ തുടരുന്നു. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനവും നിർത്തിവയ്ക്കേണ്ടിവന്നതായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പറഞ്ഞു.
നാളെ മുതൽ മൂന്നു ദിവസത്തേക്കു കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധരാലി ഗ്രാമത്തിന്റെ പകുതിയോളം ഭാഗവും 15-20 മീറ്റർ ഉയരത്തിൽ മണ്ണു നിറഞ്ഞതിനാല്‍ രക്ഷപ്പെട്ടവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ മങ്ങി. അതേസമയം, ഗംഗോത്രി ദേശീയപാതയിലെ ഗംഗാനാനിയിൽ ബെയ്ലി പാലം നിർമാണം ഞായറാഴ്ച പൂർത്തിയാക്കി.
ആറ് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമ്പത് സൈനികർ ഉൾപ്പെടെ 49 പേരെ കാണാതായിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി (യുഎസ്ഡിഎംഎ) അറിയിച്ചു. എന്നാൽ കൂടുതൽ ആളുകളെ കാണാതായിട്ടുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. ദുരന്തം നടക്കുന്ന സമയത്ത് ധരാലിയിലെ വലിയ ഹോട്ടലുകളിൽ അതിഥികളുണ്ടായിരുന്നു. ഹോട്ടലിൽ ബിഹാർ, നേപ്പാൾ തുടങ്ങിയയിടങ്ങളിൽനിന്നുള്ള തൊഴിലാളികളുമുണ്ടായിരുന്നു.
കരസേന, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് തുടങ്ങിയ വകുപ്പുകളിൽനിന്നുള്ള 800ലധികം രക്ഷാപ്രവർത്തകരുടെ സംഘമാണ് തെരച്ചിലും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നത്.
തെരച്ചിലിന് സ്നിഫർ നായ്ക്കളെയും റഡാറുകളും ഉപയോഗിക്കുന്നുണ്ട്. ദുരന്തബാധിത പ്രദേശത്ത് അവശ്യവസ്തുക്കളുടെ വിതരണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.