വോട്ട് കൊള്ള, ബിഹാർ വോട്ടർപട്ടിക; ഡൽഹിയിൽ പ്രതിഷേധമിരന്പി
Tuesday, August 12, 2025 3:14 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വോട്ടുകൊള്ള, ബിഹാറിലെ വോട്ടർപട്ടിക പ്രശ്നങ്ങളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ പ്രതിഷേധമിരന്പി.
ബാരിക്കേഡുകളും വൻ പോലീസ്, അർധസൈനിക സന്നാഹവും ഉപയോഗിച്ചു മാർച്ച് തടഞ്ഞ് എംപിമാരെ കസ്റ്റഡിയിലെടുത്തതും മൂന്നു വനിതാ എംപിമാർ കുഴഞ്ഞുവീണതും പ്രതിഷേധമാർച്ച് സംഘർഷഭരിതമാക്കി. ഒരാൾക്ക് ഒരു വോട്ട്, ജനാധിപത്യം, ഭരണഘടന എന്നിവ സംരക്ഷിക്കാനാണു പ്രതിഷേധമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിനിടെ, പ്രതിഷേധം ശക്തമാക്കാൻ കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാർക്കും നേതാക്കൾക്കുമായി ഇന്നലെ രാത്രി ഒരുക്കിയ അത്താഴവിരുന്നിൽ തീരുമാനിച്ചു. താജ് പാലസ് ഹോട്ടലിൽ നടത്തിയ വിരുന്നിൽ രാഹുൽ ഗാന്ധിയടക്കം പ്രതിപക്ഷ നേതാക്കളെല്ലാംതന്നെ പങ്കെടുത്തു.
പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരും ശരദ് പവാർ, പ്രിയങ്ക ഗാന്ധി വദ്ര, അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ സുലെ, സാഗരിക ഘോഷ്, ഡെറിക് ഒബ്രിയൻ, തിരുച്ചി ശിവ, സഞ്ജയ് റൗത്ത്, കെ.സി. വേണുഗോപാൽ, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, ജോണ് ബ്രിട്ടാസ്, ജോസ് കെ. മാണി, കെ. ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ 25 പാർട്ടികളുടെ നേതാക്കളെല്ലാം മാർച്ചിന് നേതൃത്വം നൽകി.
ഇന്ത്യാ സഖ്യം വിട്ടുപോയ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് അടക്കമുള്ളവരും മാർച്ചിൽ സജീവ പങ്കാളികളായി. ദേശീയ തലസ്ഥാനത്തെ പാർലമെന്റ് വീഥിയിൽ ആദ്യമായാണ് എംപിമാരുടെ ഇത്രയും വലിയൊരു പ്രതിഷേധം അലയടിച്ചത്.
പാർലമെന്റിൽനിന്ന് ആരംഭിച്ച മാർച്ച് 500 മീറ്റർ എത്തിയപ്പോൾ പാർലമെന്റ് സ്ട്രീറ്റിലെ ട്രാൻസ്പോർട്ട് ഭവനു മുന്നിൽ പോലീസ് തടഞ്ഞതോടെ എംപിമാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഖാർഗെയും പവാറും കസേരയിട്ടു മുന്നിലിരുന്നു.
ഇതിനിടെ യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും ഡീൻ കുര്യാക്കോസ് അടക്കമുള്ള ഏതാനും എംപിമാരും ബാരിക്കേഡ് ചാടിക്കടന്ന് മുന്നോട്ടു പോയെങ്കിലും പോലീസും ദ്രുതകർമസേനയും കയർ കെട്ടി തടഞ്ഞു.
മഹുവ മൊയ്ത്ര, സഞ്ജന ജാതവ്, ജ്യോതിമണി എന്നിവരുൾപ്പെടെ വനിതാ എംപിമാരും ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. ഇവരെ ബലമായി താഴെയിറക്കി.
ഇതിനിടെയുണ്ടായ ഉന്തിനും തള്ളിനുമിടയിൽ മഹുവ മൊയ്ത്ര, മിതാലി ഭാഗ് തുടങ്ങിയവർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രാഹുൽ ഗാന്ധി നേരിട്ടെത്തി അദ്ദേഹത്തിന്റെ കാറിലാണു മിഥാലിയെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യം വീണ്ടെടുത്തശേഷം വനിതാ എംപിമാർ വീട്ടിലേക്കു മടങ്ങി.
എംപിമാരെ ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്ത് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. എല്ലാ എംപിമാരെയും പിന്നീട് വിട്ടയച്ചു.
തെരഞ്ഞെടുപ്പു കമ്മീഷനുമായി ചർച്ച ആവശ്യപ്പെട്ട പ്രതിപക്ഷ എംപിമാരിൽ 30 മുതിർന്ന നേതാക്കൾക്ക് അതിനായി അവസരം നൽകുമെന്നു പറഞ്ഞെങ്കിലും ആ കൂടിക്കാഴ്ച ഉണ്ടായില്ല. എങ്കിലും ഖാർഗെയും രാഹുലുമടക്കം എംപിമാരെല്ലാം പോലീസ് സ്റ്റേഷനിൽനിന്നു പാർലമെന്റിൽ തിരിച്ചെത്തി പ്രതിഷേധം തുടർന്നു. പ്രതിപക്ഷ ബഹളത്തിനിടടെ സർക്കാർ ബില്ലുകൾ പാസാക്കിയതും വിവാദമായി.
ലോക്സഭയും രാജ്യസഭയും ഇന്നലെ സമ്മേളിച്ചയുടൻ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചതിനെത്തുടർന്ന് ഇരുസഭകളും ഉച്ചകഴിഞ്ഞ് രണ്ടുവരെ നിർത്തിവച്ചു. പിന്നീട് ചേർന്നപ്പോൾ തിരിച്ചെത്തിയ പ്രതിപക്ഷം വീണ്ടും ബഹളം വച്ചെങ്കിലും സർക്കാർ ഏകപക്ഷീയമായി ബില്ലുകൾ പാസാക്കുകയായിരുന്നു.
ചർച്ചയില്ലാതെ സുപ്രധാന ബില്ലുകൾ പാസാക്കുന്നതിനെതിരേ രാജ്യസഭയിലെ പ്രതിഷേധം ശക്തമായപ്പോൾ സഭ വീണ്ടും നിർത്തി. പിന്നീട് പ്രതിപക്ഷം ബഹിഷ്കരിച്ചശേഷമാണു രാജ്യസഭയിൽ ബില്ലുകൾ പാസാക്കിയത്. ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ തന്നെ സർക്കാർ നടപടികൾ പൂർത്തിയാക്കി വേഗം പിരിഞ്ഞു.
വോട്ടർപട്ടിക കൊള്ളയ്ക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്ഗ്രസ് ഭാരവാഹികളുടെ യോഗത്തിലും പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലും തീരുമാനിച്ചിട്ടുണ്ട്.