റോഡ് നിലവാരം ഉയർന്നിട്ടും കുറയാതെ അപകടങ്ങള്‍
1582227
Friday, August 8, 2025 4:41 AM IST
മൂവാറ്റുപുഴ: കക്കടാശേരി - കാളിയാര്‍, മൂവാറ്റുപുഴ - തേനി റോഡുകളില്‍ അപകടങ്ങള്‍ പെരുകുന്നു. നിത്യേന ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ അധികാരികളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തം. റോഡ് ഉന്നത നിലവാരത്തിലാക്കിയതിനു ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നൂറില്‍ അധികം വാഹനാപകടങ്ങളാണ് സംഭവിച്ചത്.
ആയങ്കരയില്‍ ഓട്ടോയും ബസും തമ്മില്‍ കൂട്ടിമുട്ടി രണ്ടു പേരും ആയവന കടുംപിടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു യുവാവും കടവൂരില്‍ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥി കാര്‍ തട്ടിയും പുന്നമറ്റത്ത് വൈദ്യുത പോസ്റ്റില്‍ ബൈക്ക് ഇടിച്ച് എംവിഐപി ജീവനക്കാരനും മരിച്ചത് അടുത്ത നാളിലാണ്. കഴിഞ്ഞ ദിവസം വാഴക്കുളം സെന്റെ ലിറ്റില്‍ തെരേസാസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി കാശിനാഥന് കല്ലൂര്‍ക്കാട് കോടക്കവലയില് റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ് വാന്‍ തട്ടി മരിച്ചതാണ് അപകടങ്ങളിൽ ഒചുവിലത്തേത്.
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 155 കോടി ചെലവഴിച്ചാണ് കക്കടാശേരി - കാളിയാര്‍, മൂവാറ്റുപുഴ - തേനി റോഡുകളുടെ നിര്‍മാണം നടത്തിയത്. ശരാശരി ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 3.50 കോടി രൂപയാണ്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയാറാക്കിയ ഡിപിആറില്‍ അനാവശ്യമായ ഭേദഗതികള്‍ വരുത്തി പദ്ധതി നടപ്പാക്കിയതാണ് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന് മുഖ്യകാരണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം കുറ്റപ്പെടുത്തി. വളവുകള്‍ നിവര്‍ത്താതെയും കുന്നുകളുടെ ഉയരം കുറയ്ക്കാതെയും റോഡ് നിര്‍മിച്ചത് അപകടം വര്‍ധിപ്പിച്ചു.
മൂവാറ്റുപുഴ - തേനി റോഡില്‍ കുന്നുകള്‍ താഴ്ത്തി റോഡ് നിര്‍മിക്കാത്തത് മൂലം യാത്രക്കാര്‍ക്ക് എതിരെ വരുന്ന വാഹനങ്ങള്‍ കാണാത്ത സ്ഥിതിയാണുള്ളത്. കക്കടാശേരി - കാളിയാര്‍ റോഡില്‍ അപകടം വരുത്തിവയ്ക്കുന്ന വിധം റോഡിന്റെ മധ്യഭാഗത്ത് നില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ നാളിതു വരെ മാറ്റി സ്ഥാപിച്ചിട്ടില്ല.
ജല അഥോറിറ്റി അധികൃതരാകട്ടെ ബിഎംബിസി റോഡിന്റെ പലഭാഗത്തും നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് കുഴികള്‍ രൂപപ്പെട്ട് അപകടം ക്ഷണിച്ചുവരുത്തി. യാത്രക്കാര്‍ക്ക് ബോധ്യമാകുന്ന വിധം അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലാത്തതും സീബ്രാ ലൈനുകള്‍, റിഫ്ളക്ടറുകള്‍, ഡിവൈഡറുകള്‍ ആവശ്യം വേണ്ട ഇടങ്ങളിലില്ലാത്തതും അപകടങ്ങളുടെ ആക്കം കൂട്ടി. റോഡ് നിര്‍മാണത്തിന് മുന്‍പ് പുറമ്പോക്ക് ഭൂമി കണ്ടെത്തി റോഡിന്റെ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി.
പുഴയ്ക്ക് കുറുകെയുള്ള കക്കടാശേരി പാലത്തിന്റെ വശങ്ങളില് കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടി നിര്‍മിക്കാന്‍ ഉദ്ദേശിച്ച സ്റ്റീല്‍ ബ്രിഡ്ജ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് അധികാരികളുടെ ഗുരുതര വീഴ്ചയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, കടവൂര്‍ കവലകളില്‍ ട്രാഫിക് പോലീസ് സേവനം കാര്യക്ഷമമാക്കണമെന്നും റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.