റോറോ ജങ്കാർ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകി
1594149
Wednesday, September 24, 2025 4:40 AM IST
വൈപ്പിൻ : ഓട്ടത്തിനിടയിൽ എൻജിൻ പൊടുന്നനെ നിലച്ചു. ഫോർട്ടു കൊച്ചിയിൽ നിന്നും നിറയെ വാഹനങ്ങളും യാത്രക്കാരുമായി വൈപ്പിൻ ജെട്ടിയിലേക്ക് വരികയായിരുന്ന റോ റോ ജങ്കാർ കടലിലേക്ക് ഒഴുകി. നിയന്ത്രണം വിട്ട് ഒഴുകുന്നതിനിടയിൽ ഫോർട്ട് വൈപ്പിൻ ഭാഗത്തെ രണ്ട് ചീനവിലകളിൽ ഇടിച്ച് സാരമായ കേടുപാടുകളും വരുത്തി.
മൂന്നാമത്തെ ചീനവലയുടെ ഭാഗത്തെത്തിയപ്പോഴേക്കും എൻജിൻ വീണ്ടും പ്രവർത്തിക്കുകയും ജീവനക്കാർ സാവധാനം ജങ്കാറിനെ വൈപ്പിൻ ജെട്ടിയിൽ അടുപ്പിക്കുകയും ചെയ്യുകയാ യിരുന്നു. കഴിഞ്ഞ രാത്രി ഒന്പതോടെയാണ് സംഭവം. രാത്രി 8.50ന് ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട സേതു സാഗർ -1 എന്ന ജങ്കാറാണ് നിയന്ത്രണം വിട്ട് ഒഴുകിയത്.
ഇത് വൈപ്പിൻ ജെട്ടിയിൽ അടുക്കുന്നതിനു തൊട്ടു മുമ്പ് പെട്ടെന്ന് എൻജിൻ നിലക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഈ സമയം വേലിയിറക്കം ആയതിനാൽ ജങ്കാർ നിയന്ത്രണം വിട്ട് പടിഞ്ഞാറോട്ട് കടലിലേക്ക് ഒഴുകി. ഫോർട്ട് കൊച്ചി സ്വദേശി ഹെൻലി, ഉണ്ണി എന്നിവരുടെ ചീനവലകൾക്കാണ് കേടുപാടുകൾ വന്നിട്ടുള്ളത്.