സംസ്ഥാനത്തിന്റേത് പ്രകൃതിക്ക് അനുസൃതമായ വ്യവസായ നയം: മന്ത്രി പി. രാജീവ്
1594042
Tuesday, September 23, 2025 6:46 AM IST
വൈപ്പിൻ: സംസ്ഥാന സർക്കാർ പിന്തുടരുന്നത് പ്രകൃതിക്ക് അനുസൃതമായ വ്യവസായ നയമെന്ന് മന്ത്രി പി. രാജീവ്. കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതിയുടെ നയരേ ഖ പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി, ജനത, വ്യവസായം എന്നതാണ് സംസ്ഥാനത്തെ വ്യവസായ നയത്തിന്റെ മുദ്രാവാക്യം. കാർബൺ ബഹിർഗമനം വർധിപ്പിക്കുന്ന വ്യവസായങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.
സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഔദ്യോഗികമായി അംഗീകരിച്ച പദ്ധതികളിൽ ആദ്യത്തേത് കേരളത്തിന്റെ ഹൈഡ്രജൻ ഹബ്ബാണ്. കൊച്ചിയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നും അത് പ്രയോഗത്തിലേക്ക് എത്തിക്കാൻ തുടർച്ചയായ അവലോകനവും ഏകോപനവും ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈപ്പിൻ ബ്ലോക്കിലെ കുഴുപ്പിള്ളി, പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഇടപ്പള്ളി ബ്ലോക്കിലെ എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്റെ സാങ്കേതിക സഹായത്തോടെയും ഏകോപനത്തോടെയും നടക്കുന്ന പദ്ധതിക്ക് ജിഡയുടെ പിന്തുണയുമുണ്ട്. കാമ്പയിന്റെ ഭാഗമായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കണക്കാക്കുന്നതിനായി എട്ട് പഞ്ചായത്തുകളിലും പ്രാഥമിക സർവേ നടത്തിയിരുന്നു.
ഇതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിപിആർ തയാറാക്കിയത്. ബോൾഗാട്ടി പാലസിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനു നൽകി നയരേഖ പ്രകാശനം ചെയ്തു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ, നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ടി.എൻ. സീമ, ജിഡ സെക്രട്ടറി രഘുരാമൻ തുടങ്ങിയവർ പങ്കെടുത്തു.