നടുറോഡിൽ നായ്പ്പട; പേടിയോടെ നാട്ടുകാർ
1594146
Wednesday, September 24, 2025 4:40 AM IST
അരൂർ: അരൂർ പഞ്ചായത്ത് ഏഴാം വാർഡിൽ കണ്ണേഴത്ത് റോഡിൽ യാത്രക്കാരിൽ ഭീതി വിതച്ച് തെരുവുനായ്ക്കൾ . നടുറോഡിൽ നായ്ക്കൾ കൂട്ടത്തോടെ നിൽക്കുന്നതിനാൽ കാൽനടയാത്രികർക്കും ഇരുചക്രവാഹനങ്ങൾക്കും ഇതുവഴി കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.
ഹോട്ടൽ മാലിന്യങ്ങളും കോഴിയുടെ അവശിഷ്ടങ്ങളും ചാക്കിൽ കെട്ടി ആളൊഴിഞ്ഞ റോഡിന്റെ അരികിൽ തള്ളുന്നതിനാലാണ് നായ്ക്കൾ ഇവിടെ കൂട്ടത്തോടെ തന്പടിക്കുന്നത് . ഭക്ഷ്യാവശിഷ്ടങ്ങൾക്കായി നായ്ക്കൾ കടിപിടി കൂടുന്നതും യാത്രക്കാർക്കും വാഹനങ്ങൾക്കും പിന്നാലെ ഓടിയെത്തുന്നതും പതിവുകാഴ്ചയാണ്.
തെരുവുനായ ശല്യം വർധിച്ചതോടെ നിരവധി പരാതികൾ പഞ്ചായത്തിൽ എത്തുന്നുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു.