വല്ലാർപാടം തിരുനാൾ നാളെ സമാപിക്കും
1594023
Tuesday, September 23, 2025 6:45 AM IST
കൊച്ചി: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ 501-ാമതു തിരുനാളിന് നാളെ സമാപനം.
രാവിലെ 10 നു പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ.ഷെൽട്ടൺ വചനപ്രഘോഷണം നടത്തും. ദിവ്യബലിക്കു മുന്നോടിയായി ആർച്ച്ബിഷപ്പിനും ചേന്ദമംഗലം പാലിയം കുടുംബാംഗങ്ങൾക്കും സ്വീകരണം, പള്ളിവീട്ടിൽ മീനാക്ഷിയമ്മയുടെ പിൻ തലമുറക്കാർ പരമ്പരാഗതമായി ചെയ്തു വരുന്ന മോരു വിതരണത്തിന്റെ ആശീർവാദം എന്നിവയുണ്ടാകും.
രാവിലെ ഏഴിനും വൈകുന്നേരം മൂന്നിനും അഞ്ചിനും, ആറിനും മലയാളത്തിലും രാവിലെ ആറിനും വൈകുന്നേരം നാലിനും തമിഴിലും, ഏഴിന് ഇംഗ്ലീഷിലും ദിവ്യബലി ഉണ്ടാകും.
വേസ്പര ദിനമായ ഇന്ന് വൈകുന്നേരം 5.30 നുള്ള പൊന്തിഫിക്കൽ ദിവ്യബലിക്ക് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികനാകും. ഇന്നും നാളെയും വൈകുന്നേരം തിരുക്കർമങ്ങൾക്കു ശേഷം ആഘോഷമായ പ്രദക്ഷിണം ഉണ്ടാകും.