മാനസികാരോഗ്യം: പഠനറിപ്പോർട്ട് അവതരിപ്പിച്ചു
1594033
Tuesday, September 23, 2025 6:45 AM IST
അങ്കമാലി: മലയാളിയുടെ മാനസികാരോഗ്യത്തിലെ മാറ്റങ്ങൾ എന്ന വിഷയത്തിൽ സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടും ഡോ. സെമിച്ചൻ ജോസഫ് എഴുതിയ മനസിനൊരു ഫസ്റ്റ് എയ്ഡ് പുസ്തകത്തിന്റെ പ്രകാശനവും നടത്തി. അങ്കമാലി ഡിസ്റ്റ് കോളജിൽ നടന്ന സമ്മേളനം പ്രിൻസിപ്പൽ റവ. ഡോ. ജോണി മംഗലത്ത് ഉദ്ഘാടനം ചെയ്തു.
സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷനിലെ ഗ്രേഷോ രാഹുൽ, ഡോ. സെമിച്ചൻ ജോസഫ്, ഡാലിൻ ഡയസ് എന്നിവർ ചേർന്ന് റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ പ്രായവിഭാഗങ്ങളിലെ 5000 ഓളം പേരിൽ നടത്തിയ സർവേയുടെയും വിവര ശേഖരണത്തിന്റെയും വെളിച്ചത്തിലാണ് പഠന റിപ്പോർട്ട് തയാറാക്കിയത്. ഡോ. കൊച്ചുറാണി ജോസഫിന് ആദ്യപ്രതി നൽകി ചാർളി പോൾ പുസ്തക പ്രകാശനം നിർവഹിച്ചു.
മാനസിക സമ്മർദങ്ങളെയും വ്യക്തി, കുടുംബ സാമൂഹ്യ തലങ്ങളിലെ അനുബന്ധ പ്രശ്നങ്ങളെയും അതിജീവിക്കാൻ സഹായകമായ ഗ്രന്ഥമാണ് മനസിനൊരു ഫസ്റ്റ് എയ്ഡ്. സമ്മേളനത്തിൽ അധ്യാപകനും എഴുത്തുകാരനുമായ ഷാജി മാലിപ്പാറ, യുവഗ്രാമം ചെയർമാൻ ഡെന്നിസ് കെ. ആന്റണി, എം.ഡി. ജോയ്, ഡീന കുര്യാക്കോസ്, ആതിര സന്തോഷ് എന്നിവർ പ്രസംഗിച്ചു.