മലബാറിന്റെ മാമ്പഴോത്സവത്തിന് ഇന്നു തുടക്കം
1547119
Thursday, May 1, 2025 2:07 AM IST
കാഞ്ഞങ്ങാട്: പടന്നക്കാട് കാര്ഷിക കോളജില് നാലുദിവസം നീളുന്ന മധുരം 2025 മലബാര് മാംഗോ ഫെസ്റ്റിന് ഇന്നുതുടക്കം. ഇന്നു രാവിലെ 11നു കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്യും. കാര്ഷിക കോളജില് നിന്നും വിളവെടുത്ത മാമ്പഴങ്ങളും വിവിധ എഫ്പിഒയില് നിന്നും ശേഖരിച്ച മാമ്പഴങ്ങളും കാസര്ഗോഡ്,കണ്ണൂര് ജില്ലകളിലെ കര്ഷകരില് നിന്നും നേരിട്ട് വാങ്ങിയ മാമ്പഴങ്ങളും പ്രദര്ശന നഗരിയില് ഒരുക്കിയിട്ടുണ്ട്.
അല്ഫോന്സോ, ബംഗനപള്ളി, തോത്താപുരി, നീലം, ചക്കരക്കുട്ടി, സിന്ദൂരം, റുമാനി, മല്ഗോവ, മല്ഗോവ, മല്ലിക, മൂവാണ്ടന്, ഹിമാംപസന്ദ്, ദില് പസന്ദ്, നടശാല, പ്രിയൂര്, കുറ്റിയാട്ടൂര്, കാലപ്പാടി, ഫിറാങ്കിലുഡുവ, പഞ്ചവര്ണം, ഗുജറാത്ത് കേസര് തുടങ്ങിയവയാണ് വില്പ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്.
മാമ്പഴത്തിന് പുറമേ കൈതച്ചക്ക, തണ്ണിമത്തന് മുതലായവയും എല്ലാ കാര്ഷിക വിളകളുടെ വിത്തുകളും തൈകളും നടീല് വസ്തുക്കളും മേളയോടനുബന്ധിച്ച് വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കാര്ഷിക പ്രദര്ശനവും കുട്ടികള് തന്നെ തയ്യാറാക്കുന്ന രുചികരമായ ഭക്ഷണപദാര്ത്ഥങ്ങളും വില്പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.
കര്ഷകര്ക്ക് സംശയദൂരികരണത്തിന് വേണ്ടി ശാസ്ത്രജ്ഞരുടെ മേല്നോട്ടത്തില് അഗ്രോ ക്ലിനിക് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേളയുടെ നാലു ദിവസങ്ങളിലും കര്ഷകര്ക്ക് വേണ്ടി സെമിനാറുകള് സജ്ജീകരിച്ചിട്ടുണ്ട്.
നാളികേരത്തില് നിന്നും മൂല്യ വര്ധന സാധ്യതകള്, ചെറുതേനീച്ച കൃഷി, സംയോജിത തെങ്ങ് കൃഷി, ആട് വളര്ത്തല്, കൂണ് കൃഷിയും മൂല്യവര്ധന ഉത്പന്നങ്ങളും, തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള് ഒരുക്കിയിട്ടുള്ളത്.
സെമിനാറിന്റെ കൂടുതല് വിവരങ്ങള്ക്കായി 8590531309, 7736528321 നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.