കാസര്‍ഗോട്ട് ക്ലിനിക്കില്‍ തീപിടിത്തം; 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
1594409
Wednesday, September 24, 2025 7:57 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് അശ്വിനി നഗറില്‍ മില ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഗോപാലകൃഷ്ണയുടെയും ഭാര്യ ഡോ. സുധാ ഭട്ടിന്റെയും ഉടമസ്ഥതയിലുള്ള സ്പര്‍ശ സ്കിന്‍ ആന്‍ഡ് കിഡ്സ് കെയര്‍ ക്ലിനിക്കില്‍ തീപിടിത്തം.
തിങ്കളാഴ്ച രാത്രി 11.20ഓടെ റൂമില്‍നിന്നു വലിയ തോതില്‍ പുക വരുന്നത് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ തൊഴിലാളികള്‍ കണ്ടതിനെ തുടര്‍ന്ന് കാസര്‍ഗോഡ് അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയര്‍ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് വാഹനം എത്തി ഒരു മണിക്കൂര്‍ നീണ്ട ശ്രമഫലമായാണ് തീ പൂര്‍ണമായും കെടുത്താന്‍ കഴിഞ്ഞത്. നാലു മുറികളിലായി പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ സേന എത്തുമ്പോഴേക്കും ശക്തമായ പുക കാരണം അകത്തേയ്ക്ക് കയറാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഉടനെതന്നെ സേനയുടെ എക്സ്ഹോസ്റ്റ് ബ്ലോവര്‍ ഫാന്‍ ഉപയോഗിച്ച് പുക നിറഞ്ഞ മുറിയില്‍നിന്ന് പുക പുറന്തള്ളിയതിനുശേഷമാണ് സേനാംഗങ്ങള്‍ ബ്രീത്തിംഗ് അപ്പാരറ്റസ് സെറ്റ് ധരിച്ച് റൂമുകളുടെ ഷട്ടര്‍ പൂട്ടുകള്‍ കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്ത് അകത്ത് പ്രവേശിച്ചത്. റൂമുകളില്‍ ഉണ്ടായിരുന്ന എസി, ഫ്രിഡ്ജ്, ഫാനുകള്‍, കംപ്യൂട്ടറുകള്‍, ഫര്‍ണിച്ചറുകള്‍, ക്ലിനിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
സേനാംഗങ്ങള്‍ വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കുകയും റൂമുകളില്‍ ഉണ്ടായിരുന്ന തീ പടരാന്‍ സാധ്യതയുള്ള മറ്റു വസ്തുക്കള്‍ പുറത്തേക്ക് എത്തിക്കുകയും ചെയ്തിരുന്നു. അബ്ദുള്ള ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തില്‍ ഹോട്ടല്‍, ലോഡ്ജ്, ജ്വല്ലറി, കംപ്യൂട്ടര്‍ സ്ഥാപനം, ദന്തല്‍ ക്ലിനിക്ക്, ഫിനാന്‍സ് കമ്പനി, ഫ്രൂട്ട്സ് കട തുടങ്ങിയ 15 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ തീപിടിത്തം ആണ് ഒഴിവാക്കാന്‍ കഴിഞ്ഞത്.
25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എസിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് അനുമാനിക്കുന്നു. ഇത്രയും വലിയ കെട്ടിടങ്ങളില്‍ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ വേണമെങ്കിലും മിക്ക കെട്ടിടങ്ങളും അതു പരിപാലിച്ച് പോരുന്നില്ല എന്ന വസ്തുത നിലനില്‍ക്കുന്നതായി അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു.
സേനാംഗങ്ങളായ എം. രമേശ്, ഒ.കെ. പ്രജിത്, പി. രാജേഷ്, എസ്. അരുണ്‍കുമാര്‍, ജിത്തു തോമസ്, എം.എ. വൈശാഖ്, ഹോംഗാര്‍ഡുമാരായ എ. രാജേന്ദ്രന്, വി.ജി. വിജിത്ത്, കെ. സുമേഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പോലീസ്, കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും പങ്കാളികളായിരുന്നു.