അമീബിക് മസ്തിഷ്കജ്വരം: മുഴുവന്‍ കിണറുകളുടെയും ക്ലോറിനേഷന് ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തിയാക്കും
1593905
Tuesday, September 23, 2025 1:26 AM IST
കാസര്‍ഗോഡ്: അമീബിക് മസ്തിഷ്കജ്വരം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലയില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.
ജില്ലയിലെ എല്ലാ കിണറുകളുടെയും ക്ലോറിനേഷന് ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക കാമ്പയിന് സംഘടിപ്പിക്കാനും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥാപനതലത്തില്‍ നടത്തിയ മുന്‍ പരിശോധനയില്‍ അവശേഷിച്ച കിണറുകളുടെ എണ്ണം കണക്കാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തല ക്ലോറിനേഷന് ടീമുകള്‍ രൂപീകരിച്ച് ടാങ്ക് ശുചീകരണവും ക്ലോറിനേഷനും നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരുടെയും പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരുടെയും സജീവ സഹകരണം ഉറപ്പാക്കും.
സ്കൂള്‍തല ബോധവത്കരണ പരിപാടികള്‍ വ്യാപകമായി സംഘടിപ്പിക്കാനാണ് നിര്‍ദേശം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 12 ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ ജലഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും.
പരിശോധനയ്ക്കാവശ്യമായ കെമിക്കലുകള്‍ വേഗത്തില്‍ വിതരണം ചെയ്ത്, നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാര്‍ മുഖേന കിണര്‍വെള്ളം ശേഖരിച്ചു പരിശോധനകള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം.
പൊതുസ്ഥാപനങ്ങളിലെ ജലവിതരണ ടാങ്കുകള്‍ ഒക്ടോബര്‍ അഞ്ചിനകം ശുചീകരിക്കണമെന്നും സിവില്‍ സ്റ്റേഷനിലെ ടാങ്ക് ഒക്ടോബര്‍ ഒന്നിന് ശുചീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ക്ലോറിനേഷന്, ടാങ്ക് ശുചീകരണം, സ്കൂള്‍ അസംബ്ലി തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച ഡാറ്റ ഒക്ടോബര്‍ നാലിനകം സമര്‍പ്പിക്കണം. ജലാശയങ്ങളും നീര്‍ച്ചാലുകളും നവംബര്‍ ഒന്നിനകം ശുചീകരിക്കാന്‍ ജനകീയ കര്‍മപദ്ധതി തയ്യാറാക്കി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ഹരിതകേരള മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ആര്. ഷൈനി, വിദ്യാഭ്യാസം ഡെപ്യുട്ടി ഡയറക്ടര്‍ പി. സവിത, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ കെ.കെ. ശാന്തി, ഡിഎംഒ ഹെൽത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ് എം. ചന്ദ്രന്, നോഡല്‍ ഓഫീസര്‍ ബേസില്‍ വര്‍ഗീസ്, ഐഡിഎസ്പി ജില്ലാ എപിഡമിയോളജിസ്റ്റ് ഫ്ളോറി ജോസഫ് എന്നിവര്‍ പങ്കെടുത്തു.