കർഷക സ്വരാജ് ഐക്യദാർഢ്യ സംഗമം നാളെ
1594513
Thursday, September 25, 2025 1:04 AM IST
വെള്ളരിക്കുണ്ട് : വന്യമൃഗശല്യത്തിനെതിരെ ഓഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് പിന്തുണയുമായി വിവിധ ജില്ലകളിൽ നിന്നുള്ള പൊതു പ്രവർത്തകർ നാളെ വെള്ളരിക്കുണ്ടിലെത്തും. വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടക്കുന്ന ഐക്യദാർഢ്യ സംഗമം രാവിലെ 10 മണിക്ക് പഞ്ചാബ് കിസാൻ മസ്ദൂർ യൂണിയൻ പ്രസിഡന്റ് സുഖ്ജിത് സിംഗ് ഹർദോചന്ദ ഉദ്ഘാടനം ചെയ്യും.
വിവിധ സംഘടനാ നേതാക്കളായ സി.ആർ. നീലകണ്ഠൻ, കെ.വി. ബിജു, ബിനോയി തോമസ്, ജോർജുകുട്ടി കടപ്ലാക്കൽ, റോജർ സെബാസ്റ്റ്യൻ എന്നിവർ സംബന്ധിക്കും. സത്യഗ്രഹത്തിന് പിന്തുണയുമായി വരും മാസങ്ങളിൽ സംസ്ഥാനതലത്തിൽ നടത്തുന്ന പ്രവർത്തന പരിപാടികൾക്ക് കൺവൻഷനിൽ അന്തിമരൂപം നൽകും. വൈകിട്ട് നാലു മണിക്ക് ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. ഹരിയാണയിൽ നിന്നുള്ള ഭാരതീയ കിസാൻ ഏകതാ പ്രസിഡന്റ് ലഖ്വിന്ദർ സിംഗ് ഔലാഖ് ഉദ്ഘാടനം ചെയ്യും. ഐക്യദാർഢ്യ സമിതി ചെയർമാൻ കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിക്കും.
കർണാടക ഫാർമേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ വിജേന്ദ്ര ദേവന്നൂർ, പഞ്ചാബ് കിസാൻ സംഘർഷ സമിതി സെക്രട്ടറി അഗ്രേജ് സിംഗ് ബുദ്ദേവാല, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ജോസഫ് മുത്തോലി എന്നിവർ സംബന്ധിക്കും.