കമുകുകളിലെ രോഗബാധ; വിദഗ്ധസംഘം ഒമ്പതു പഞ്ചായത്തുകളിൽ പരിശോധന നടത്തി
1594749
Friday, September 26, 2025 1:06 AM IST
കാസർഗോഡ്: ജില്ലയിൽ കമുകിൻതോട്ടങ്ങളെ ബാധിച്ച വിവിധ രോഗങ്ങളുടെ കാരണവും പരിഹാരമാർഗങ്ങളും രോഗബാധ മൂലമുണ്ടായ നഷ്ടക്കണക്കുകളും വിലയിരുത്തുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ജില്ലയിലെ ഒമ്പതു പഞ്ചായത്തുകളിലെത്തി പരിശോധന നടത്തി.
തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിൽ നിന്നുള്ള ഡോ.എം. ജോയി, ഡോ. ദീപ എസ്. നായർ, ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രത്തിലെ ഡോ.പി. സന്തോഷ്കുമാർ, കാസർഗോഡ് സിപിസിആർഐയിലെ ഡോ.എം.കെ. രാജേഷ്കുമാർ, കൃഷി ജോ. ഡയറക്ടർ ജ്യോതി, അസി. ഡയറക്ടർമാരായ ടി.ഡി. മീന, സുജ, ജില്ലാ ഡെപ്യുട്ടി ഡയറക്ടർ സ്മൃതി നന്ദിനി, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. രാഘവേന്ദ്ര, മഞ്ചേശ്വരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. രമേഷ്, പടന്നക്കാട് കാർഷിക കോളജിലെ ഡോ. സൈനമോൾ കുര്യൻ എന്നിവരടങ്ങിയ സംഘമാണ് രണ്ടു ദിവസങ്ങളിലായി ജില്ലയിൽ വിവിധയിടങ്ങളിലെ കമുകിൻതോട്ടങ്ങളിൽ പരിശോധന നടത്തിയത്.
മീഞ്ച, മംഗപാടി, ബദിയടുക്ക, കാറഡുക്ക, കയ്യൂർ-ചീമേനി, വെസ്റ്റ് എളേരി, കള്ളാർ, പുല്ലൂർ-പെരിയ, ബേഡഡുക്ക പഞ്ചായത്തുകളിലെ കൃഷിയിടങ്ങളാണ് സംഘം സന്ദർശിച്ചത്. പരിശോധനാ റിപ്പോർട്ട് സംസ്ഥാന കൃഷിവകുപ്പിന് കൈമാറും.
മഹാളി, ഇലപ്പുള്ളി രോഗങ്ങളാണ് കമുകുകളെ കൂടുതലായി ബാധിച്ചിട്ടുള്ളതെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം. മഴക്കാലം പതിവിലും നേരത്തേ തുടങ്ങിയതും മഴദിനങ്ങൾക്കിടയിൽ കാര്യമായ ഇടവേളകളൊന്നും ലഭിക്കാതിരുന്നതും മൂലം മിക്കവാറും കമുകിൻതോട്ടങ്ങളിൽ കൃത്യമായി ബോഡോ മിശ്രിതം തളിക്കാൻപോലും കർഷകർക്ക് കഴിയാതിരുന്നത് രോഗബാധയുടെയും നഷ്ടത്തിന്റെയും ആക്കം കൂട്ടിയതായാണ് നിഗമനം.
രോഗബാധയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി സർക്കാർ കമുക് കർഷകർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായമുണ്ടാകണമെന്നുമാണ് കർഷകസംഘടനകളുടെ ആവശ്യം. വിഷയം എൻ.എ. നെല്ലിക്കുന്ന് എംഎൽഎ കഴിഞ്ഞദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ഇതേത്തുടർന്നാണ് ജില്ലയിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചത്. വിഷയം സർക്കാരിനു മുന്നിലെത്തിച്ച കിസാൻസേന ഭാരവാഹികളായ കല്ലിഗെ ചന്ദ്രശേഖര റാവു, ഗോവിന്ദ ഭട്ട്, ഷുക്കർ കണാജെ, സച്ചിൻ കുമാർ എന്നിവരും വിവിധയിടങ്ങളിൽ സംഘത്തോടൊപ്പമുണ്ടായിരുന്നു.