ജില്ലയിലെ സ്കൂളുകൾ വീണ്ടും അധ്യാപക ക്ഷാമത്തിലേക്ക്
1594510
Thursday, September 25, 2025 1:04 AM IST
കാസർഗോഡ്: ഹയർ സെക്കൻഡറി സ്കൂളുകളിൽ താത്കാലിക അധ്യാപകരായി നിയമിക്കപ്പെടുന്നവർക്കും സെറ്റ് യോഗ്യത നിർബന്ധമാക്കിയതോടെ ജില്ലയിലെ സ്കൂളുകൾ വീണ്ടും അധ്യാപകക്ഷാമത്തിലേക്ക്. സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബിഎഡുമുള്ളവരെയാണ് ജില്ലയുടെ വടക്കൻ മേഖലയിലെ നല്ലൊരു വിഭാഗം സ്കൂളുകളിലും നിയമിച്ചിട്ടുള്ളത്.
പുതിയ സർക്കാർ ഉത്തരവ് കർശനമാക്കിയാൽ ഇവരെയെല്ലാം ഒഴിവാക്കേണ്ടിവരും. പകരം വരാൻ സെറ്റ് യോഗ്യതയുള്ളവരാരും ഇല്ലാത്തതിനാൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന നിലയാകും.
സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ സെറ്റില്ലാത്തവരെയും നിയമിക്കാമെന്ന ഉത്തരവ് 2024 മേയ് 30 നാണ് പുറത്തിറങ്ങിയത്. ബിരുദാനന്തര ബിരുദവും ബിഎഡും പഠിച്ചിറങ്ങുന്നവർക്ക് അധികം കാത്തുനിൽക്കാതെതന്നെ താത്കാലികമായെങ്കിലും ജോലി കിട്ടാനും ജില്ലയിലേതടക്കമുള്ള പിന്നോക്കമേഖലകളിലെ സ്കൂളുകളിൽ അധ്യാപകക്ഷാമം പരിഹരിക്കാനും ഈ ഉത്തരവ് സഹായകമായിരുന്നു.
എന്നാൽ ഇപ്പോൾ ഈ ഉത്തരവ് റദ്ദ് ചെയ്തതായും സെറ്റ് യോഗ്യതയില്ലാത്തവരെ ഇനി തുടരാൻ അനുവദിക്കാനാവില്ലെന്നുമാണ് കഴിഞ്ഞദിവസം ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് പ്രിൻസിപ്പൽമാരെ അറിയിച്ചിട്ടുള്ളത്.
ജില്ലയിലെ വിവിധ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലായി മുന്നൂറോളം താത്കാലിക അധ്യാപകരാണ് നിലവിൽ ജോലിചെയ്യുന്നത്. ഇതിൽ മൂന്നിലൊന്നു പേർക്കും സെറ്റ് യോഗ്യതയില്ലെന്നാണ് സൂചന. ഇതിലേറെയും ജില്ലയുടെ വടക്കൻ മേഖലയിലെ സ്കൂളുകളിലാണ്. ബിഎഡ് ഇല്ലാത്ത പല വിഷയങ്ങളിലും ബിരുദാനന്തര ബിരുദം മാത്രമുള്ളവരാണ് ജോലിചെയ്യുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇവരെല്ലാം പുറത്തുപോകേണ്ടിവരും.
ജില്ലയിൽ ഉൾപ്രദേശങ്ങളിലുള്ള പല സ്കൂളുകളിലും ഒന്നോ രണ്ടോ സ്ഥിരാധ്യാപകരും ബാക്കിയെല്ലാം താത്കാലിക അധ്യാപകരുമാണ് ഉള്ളത്. അധ്യയനവർഷത്തിന്റെ പകുതിക്കുവച്ച് ഈ താത്കാലിക അധ്യാപകരെയെല്ലാം ഒഴിവാക്കിയാൽ സ്കൂളുകളുടെ പ്രവർത്തനം തന്നെ സ്തംഭിക്കുന്ന നിലയാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി പല സ്കൂളുകളിലും സ്കൂൾ വികസനസമിതിയുടെയും പിടിഎയുടെയും നേതൃത്വത്തിൽ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്.