ചികിത്സയ്ക്കിടെ തടവുചാടിയ കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി
1594740
Friday, September 26, 2025 1:06 AM IST
പയ്യന്നൂര്‍: ചികിത്സയിലിരിക്കെ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം ജില്ലയിലെ പുതുക്കുളം കുളത്തൂര്‍കോണം നന്ദു ഭവനത്തില്‍ എ. ബാബു (തീവെട്ടി ബാബു -60) വാണ് തടവുചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പരിയാരം പോലീസിന്റെ പിടിയിലായത്.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.45 ഓടെ പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളയുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ പരിയാരത്തെ സന്തോഷ് ക്ലബിന് പിറകിലെ ബാത്ത്റൂമില്‍ ഒളിച്ചിരിക്കെയാണ് ബാബു പിടിയിലാകുന്നത്.
പയ്യന്നൂരിലെ വ്യാപാര സ്ഥാപനത്തില്‍ വികലാംഗനായി അഭിനയിച്ചെത്തി പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ ബാബു പിറ്റേന്നുതന്നെ പോലീസ് പടിയിലായിരുന്നു. ഇതിനിടെ നെഞ്ചുവേദനയാ ണെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ജൂഡിഷല്‍ കസ്റ്റഡിയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി മുങ്ങിയത്. നാല്പതിലേറെ കേസുകളില്‍ പ്രതിയാണ് ബാബു.
ഇന്നലെ രാവിലെ മുതല്‍ എആര്‍ ക്യാമ്പിലെ പോലീസുകാരുടെ കാവലിലായിരുന്നു പ്രതി. മുങ്ങിയ ഉടന്‍ പോലീസ് പ്രതിയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനിടയില്‍ പോലീസ് പലയിടത്തും ഊര്‍ജിതമായ തെരച്ചിലിലായിരുന്നു.
വിജനപ്രദേശത്തും ആൾത്താമസ മില്ലാത്ത കെട്ടിടങ്ങളിലും തളിപ്പറമ്പ് ഡിവൈഎസ്പി കെ. ഇ. പ്രേമചന്ദ്രനും സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്ഐ രാജീവനും ഡ്രൈവര്‍ രജീഷും തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് പരിയാരത്തു നിന്നും ബാബു പിടിയിലാകുന്നത്.
പരിയാരം പോലീസ് സ്റ്റേഷനിലെത്തിച്ച് തടവുചാടിയ കുറ്റത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ മാസം 18ന് രാത്രി ഏഴോടെയാണ് പയ്യന്നൂര്‍ ടൗണിലെ പൊതുവാള് ബ്രാസ് എന്ന സ്ഥാപനത്തിന്റെ മേശപ്പുറ ത്തുണ്ടായിരുന്ന 6,500 രൂപയടങ്ങുന്ന ബാഗുമായി പ്രതി സ്ഥലം വിട്ടത്. വ്യാപാര സ്ഥാപനത്തിന്റെ ഒരു മുറി അടയ്ക്കുന്നതിനിടയില്‍ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് പ്രധാന മുറിയുടെ മേശപ്പുറത്തെ പണ മടങ്ങിയ ബാഗ് മോഷ്ടിച്ചതിനെതിരേ ജീവനക്കാരന് കോറോം കോക്കോട്ടെ ഇ. കുഞ്ഞിക്കണ്ണന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.
മോഷണത്തിന് മുമ്പ് റോഡരികില്‍ നിൽക്കുന്ന മുടന്തുള്ളയാളെ ജീവനക്കാരന് ശ്രദ്ധിച്ചിരുന്നു. മോഷണത്തിന് ശേഷം പിറ്റേദിവസം അടുത്ത കടയിലെത്തിയപ്പോള്‍ ഇയാള്‍ക്ക് മുടന്തില്ലാത്തത് കണ്ടതോടെ സംശയം തോന്നി നിരീക്ഷണ കാമറ ദൃശ്യത്തില്‍നിന്നും ആളെ തിരിച്ചറിയുകയാ യിരുന്നു. ഇതേത്തുടര്‍ന്ന് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിക്കണ്ണനെ കടിച്ച് പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമം മറ്റു വ്യാപാരികള്‍ ചേര്‍ന്ന് തടയുകയും വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതി നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തടവുകാരുടെ ചികിത്സയ്ക്ക് സെല്ലില്ല
തടവുകാരുടെ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രത്യേക സെല്ലില്ലാ ത്തത് വിനയാകുന്നു. ഈ പോരായ്മയാണ് തടവുകാരന് കാവല്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങാനിടയാക്കിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റു മെഡിക്കല്‍ കോളജാശുപത്രികളിലും തടവുകാരുടെ ചികിത്സയ്ക്കായി പ്രത്യേക സെല്ലുണ്ട്. ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി വരുമ്പോഴും നഴ്സുമാരും മറ്റു ജീവനക്കാരും വരുന്പോഴും മാത്രം തുറന്നുകൊടുക്കുന്ന സെല്‍ മറ്റുസമയങ്ങളില്‍ അടച്ചിട്ടാണ് പോലീസ് കാവലിരിക്കുന്നത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മറ്റു രോഗികള്‍ക്കൊപ്പമാണ് തടവുപുള്ളികളുടേയും ചികിത്സ നടക്കുന്നത്. രോഗികള്‍ക്കിടയില്‍ തടവുപുള്ളിയെ നിരീക്ഷിക്കുകയെന്നത് ദുഷ്കരവുമാണ്. ഈ സാഹചര്യം അനുകൂലമാക്കിയാണ് മോഷ്ടാവ് ബാബു തൂക്കുപാത്രവുമായി ചായ വാങ്ങാന്‍ പോകുന്ന കൂട്ടിരിപ്പുകാരനെപോലെ ധൃതിയില്‍ മറ്റുള്ളവര്‍ക്കൊപ്പം പുറത്തേക്ക് പോയത്.