എംഎസ്സി എൽസ കപ്പലപകടം: എംഎസ്സി എല്‍സ3 കപ്പല്‍ കമ്പനി 1227 കോടി രൂപ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി
Friday, September 26, 2025 1:55 AM IST
കൊച്ചി: കേരള അതിര്‍ത്തിയില്‍ മുങ്ങിയ എംഎസ്സി എല്‍സ3 കപ്പല്‍ കമ്പനി 1227 കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവ്.
പരിസ്ഥിതിനാശത്തിന് 9531 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ടിലാണ് കോടതി നിര്‍ദേശം. തുക കെട്ടിവച്ചാല്‍ നേരത്തേ അറസ്റ്റ് ചെയ്ത എംഎസ്സി അകിറ്റെറ്റ 2 കപ്പല്‍ വിട്ടയയ്ക്കാമെന്നും കോടതി വ്യക്തമാക്കി.
കപ്പലില്‍നിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസവസ്തുക്കളടക്കം സമുദ്രത്തില്‍ കലരുകയും ചെയ്തതു മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളില്‍ വന്‍ നാശനഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
136 കോടി രൂപ പരമാവധി നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു കപ്പല്‍ കമ്പനി അറിയിച്ചത്. പരിസ്ഥിതിക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കൽ, മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ സാമ്പത്തികനഷ്ടം നികത്തൽ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് 9531 കോടിയുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
കപ്പലില്‍നിന്നും അതിലുണ്ടായിരുന്ന കണ്ടെയ്നറുകളില്‍നിന്നും കടലില്‍ രാസവസ്തുക്കളും പ്ലാസ്റ്റിക്കുകളും കലര്ന്നതിനുള്ള നഷ്ടപരിഹാരവും ഇതിലുള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, എംഎസ്സി 3 കപ്പല്‍ മുങ്ങിയതുമൂലം ഗുരുതരമായ പാരിസ്ഥിതികപ്രശ്നം ഉണ്ടായിട്ടില്ലെന്നും കേരള തീരത്തുനിന്ന് 14.5 നോട്ടിക്കല്‍ മൈലിനു പുറത്തായതിനാല്‍ കേന്ദ്രസര്ക്കാരിനല്ലാതെ സംസ്ഥാനത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്യാന്‍ അധികാരമില്ലെന്നുമായിരുന്നു സ്വിറ്റ്സര്‍ലൻഡ് ആസ്ഥാനമായ എംഎസ്സി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ വാദം.
മുങ്ങിയ കപ്പലും ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരിക്കുന്ന എംഎസ്സി അക്കിറ്റെറ്റാറ്റ2 എന്ന കപ്പലിന്റെയും ഉടമകള്‍ വ്യത്യസ്തരാണെന്നും വാദമുന്നയിച്ചു. ഈ വാദങ്ങള്‍ പരിഗണിച്ചും ഇരുവിഭാഗവും സമര്‍പ്പിച്ച രേഖകള്‍ പരിഗണിച്ചുമാണ് 1227 കോടി നഷ്ടപരിഹാരമായി കെട്ടിവയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.
നഷ്ടപരിഹാരമായി സര്‍ക്കാര്‍ ആവശ്യപ്പെട്ട 9,531 കോടി രൂപയ്ക്ക് സെക്യൂരിറ്റി നല്‍കുന്നതുവരെ കപ്പല്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മുന്‍ ഉത്തരവ്. ഇത്രയും രൂപയുടെ സെക്യൂരിറ്റി നല്കാന് കഴിയാത്തതിനാല്‍ അറസ്റ്റ് ചെയ്ത കപ്പല്‍ ഇപ്പോഴും വിഴിഞ്ഞത്തു കിടക്കുകയാണ്.
ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹം: ഗ്രീന്‍പീസ് ഇന്ത്യ
കൊച്ചി: എംഎസ്സി എല്‍സ3 കപ്പലപകടത്തെത്തുടര്ന്നുണ്ടായ പാരിസ്ഥിതിക- ഉപജീവനമാര്‍ഗ നാശനഷ്ടങ്ങള്‍ക്ക് 1,200 കോടി രൂപ നഷ്ടപരിഹാരം നല്കാന് എംഎസ്സിക്കു നിര്‍ദേശം നല്കിയ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ഗ്രീന്‍പീസ് ഇന്ത്യ അറിയിച്ചു.