ഹൈക്കോടതി വിധിപോലും കേരള വിസി അവഗണിക്കുന്നു: മന്ത്രി
Friday, September 26, 2025 1:55 AM IST
തിരുവവന്തപുരം: കേരള സർവകലാശാലയിൽ രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം ചർച്ച ചെയ്യാൻ സിൻഡിക്കറ്റ് യോഗം വിളിക്കണമെന്ന ഹൈക്കോടതി വിധിപോലും മുഖവിലയ്ക്കെടുക്കാത്ത നടപടിയാണ് വൈസ് ചാൻസലർ സ്വീകരിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു.
കേരള സർവകലാശാല ഉൾപ്പെടെയുള്ളവയിൽ വൈസ് ചാൻസലർമാർ ഏകാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന സാഹചരംകൂടി പരിഗണിച്ചാണ് മൂന്നിലൊന്ന് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ വൈസ് ചാൻസലർമാർ സർവകലാശാല സിൻഡിക്കറ്റ് യോഗം വിളിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ബില്ല് നിയമസഭയിൽ കൊണ്ടുവരുന്നതെന്നു മന്ത്രി വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവന നൽകുന്ന വ്യക്തിയാണ് കേരള രജിസ്ട്രാർ. സർവകലാശാലയിൽ ഉണ്ടാകാനിടയുള്ള പ്രശ്നം ചൂണ്ടിക്കാണിക്കുക മാത്രമാണ് രജിസ്ട്രാർ ചെയ്തത്. ആ രജിസ്ട്രാർക്കെതിരേയാണ് നടപടി വന്നത്. ഏകാധിപത്യ പ്രവണതകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി സർവകലാശാലയെ വിസി മാറ്റുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം ഗവർണർ തടയുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ വരേണ്ടതില്ലെന്ന സമീപനമാണ് സർവകലാശാലകളുടെ ചാൻസലർകൂടിയായ ഗവർണറുടെ ഭാഗത്തുനിന്നുമുണ്ടായതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
നിയമസഭ അംഗീകരിച്ച ബില്ലുകൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ രാഷ്ട്രപതിക്ക് അയയ്ക്കുകയാണുണ്ടായത്. ബില്ലിൽ വിയോജനമുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി ഗവർണർക്ക് തിരിച്ചയയ്ക്കാമായിരുന്നു.
എന്താണ് ബില്ലിന് പ്രശ്നം എന്നു പറയാൻ തയാറാവാതെ ഗവർണർ ഉന്നതവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം തടഞ്ഞുവയ്ക്കാനാണ് തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.