ക്ഷാമബത്ത കുടിശിക: വ്യക്തമായ പദ്ധതി തയാറാക്കി അറിയിക്കണമെന്നു കോടതി
Friday, September 26, 2025 1:55 AM IST
കൊച്ചി: സര്‍വകലാശാലാ ജീവനക്കാരുടെ ക്ഷാമബത്തയുടെ കുടിശിക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ പദ്ധതി തയാറാക്കി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി. കുടിശിക ഗഡുക്കളായി നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ പരാതി.
ഡിഎ കുടിശികയില്‍ 25 ശതമാനമെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടു യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷന് പ്രസിഡന്റ് എന്‍. മഹേഷ് അടക്കം സമര്‍പ്പിച്ച ഹര്‍ജികളാണു ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ പരിഗണനയിലുള്ളത്.
ക്ഷാമബത്തയുടെ മൂന്നു ഗഡുക്കള്‍ അനുവദിച്ചതായാണു സര്‍ക്കാര്‍ ഇന്നലെ അറിയിച്ചത്. എന്നാല്‍, ഇതില്‍ കുടിശിക ഉള്‍പ്പെടുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതു വസ്തുതയല്ലെന്ന് സര്‍ക്കാരും വാദിച്ചു. തുടര്‍ന്നാണ് ഇടക്കാല ഉത്തരവ് പ്രകാരം വ്യക്തമായ പദ്ധതി തയാറാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചത്.