സൈബർ ആക്രമണകേസ്; കെ.എം. ഷാജഹാൻ കസ്റ്റഡിയിൽ
Friday, September 26, 2025 1:55 AM IST
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഷാജഹാന്റെ തിരുവനന്തപുരം ആക്കുളത്തെ വീട്ടിൽ നിന്ന് എറണാകുളം റൂറൽ സൈബർ പോലീസാണ് കസ്റ്റഡിയിൽ എടുത്തു രാത്രിയോടെ എറണാകുളത്തേക്ക് കൊണ്ടുപോയത്. എറണാകുളത്ത് എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് സംഘം നൽകുന്ന സൂചന.
ഷൈനിനെതിരേയുള്ള അപകീർത്തി പരാമർശങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം എറണാകുളത്തു വിളിച്ചവരുത്തി ഷാജഹാനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ, ഷൈൻ നൽകിയ പരാതിയിലെ കേസിനെക്കുറിച്ച് ഷാജഹാൻ ഓണ്‍ലൈൻ മാധ്യമത്തിലൂടെ എഫ്ഐആർ സഹിതം നടത്തിയ അധിക്ഷേ പരാമർശവുമായി ബന്ധപ്പെട്ട പരാതിയിലാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് അധികൃതർ പറയുന്നത്.
എഫ്ഐആറിൽ പരാമർശിക്കുന്ന സ്ത്രീയുടെ പേര് പറഞ്ഞു ഷാജഹാൻ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിലാണ് നടപടി. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് കഴിഞ്ഞ ദിവസം ഷാജഹാൻ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
ഷാജഹാന്റെ ഫോണ്‍ അന്വേഷണസംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് നൽകിയിരുന്നില്ല. ഷൈനിന്റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലെന്ന നിലപാടാണ് ചോദ്യം ചെയ്യലിൽ ഷാജഹാൻ പറഞ്ഞത്.
എന്നാൽ, എഫ്ഐആറിൽ പരാതിക്കാരിയുടെ പേരു സഹിതം ആക്ഷേപിച്ചെന്ന മൂന്നാമത്തെ കേസിലാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്.