സൈബർ തട്ടിപ്പ്: യുവതിക്കു നഷ്ടപ്പെട്ടത് 73 ലക്ഷം
Thursday, September 25, 2025 2:31 AM IST
തൃശൂർ: ആധാർ ഉപയോഗിച്ച് സിംകാർഡ് എടുത്തെന്നും നിയമവിരുദ്ധ സന്ദേശങ്ങൾ അയച്ചെന്നും കേസ് രജിസ്റ്റർ ചെയ്തെന്നും ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് 73 ലക്ഷം രൂപ കവർന്നെന്നു പരാതി.
തൃശൂർ അടാട്ട് സ്വദേശിനിയിൽനിന്നാണു പലതവണകളായി പണം തട്ടിയെടുത്തത്. ഛത്രപതി ശിവജി വിമാനത്താവളത്തിനു സമീപത്തുള്ള സ്വകാര്യ ടെലികോം കന്പനിയുടെ ഓഫീസിൽനിന്ന് യുവതിയുടെ ആധാർ ഉപയോഗിച്ച് സിം കാർഡ് എടുത്തിട്ടുണ്ടെന്നും മഹാരാഷ്ട്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി.
നിരപരാധിത്വം തെളിയിക്കാൻ ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും അക്കൗണ്ടിലെ പണം അയച്ചുനൽകാനും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കഴിഞ്ഞമാസം 20 മുതൽ ഈ മാസം 12 വരെ വിവിധ അക്കൗണ്ടുകളിൽനിന്നു പണം അയച്ചുകൊടുക്കുകയായിരുന്നു. ഏഴു ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒന്പതു തവണയായാണ് 73,20,000 രൂപ നൽകിയത്. അക്കൗണ്ട് പരിശോധനയ്ക്കുശേഷം പണം തിരികെ ലഭിക്കാതെവന്നതോടെ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞമാസം ടെലിഗ്രാം ആപ്ലിക്കേഷനിലൂടെ തൊഴിൽ, സ്വർണ-വജ്ര ലേലത്തിലൂടെ വൻതുക സന്പാദിക്കാമെന്നു വാഗ്ദാനംചെയ്ത് തൃശൂർ സ്വദേശികളായ രണ്ടു പേരിൽനിന്ന് 37.64 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
ന്യൂസിലൻഡ് ഗോൾഡ് മർച്ചന്റ്സ് എന്ന കന്പനിയുടെ പേരിൽ സ്വർണം, വെള്ളി, വജ്രം എന്നിവയുടെ ലേലം നടത്തുന്നുണ്ടെന്നും മികച്ച കമ്മീഷൻ ലഭിക്കുമെന്നും വിശ്വസിപ്പിച്ച് 23,74, 564 രൂപയാണ് അരണാട്ടുകര സ്വദേശിയായ യുവതിയിൽനിന്നു തട്ടിയെടുത്തത്.
കെട്ടിടങ്ങളുടെ വാടക, പണയം കരാറുകൾ ഓണ്ലൈൻവഴി ചെയ്തു പണം സന്പാദിക്കാമെന്നു വിശ്വസിപ്പിച്ച് ചേലക്കര സ്വദേശിയായ യുവാവിൽനിന്ന് 14,67,263 രൂപയും തട്ടിയെടുത്തു. ഇതിൽ 78,231 രൂപ തിരികെ നൽകി. ബാക്കി പണം ലഭിക്കാതെ വന്നതോടെയാണ് സൈബർ പോലീസിൽ പരാതി നൽകിയത്.