നടന്മാര് റഡാറിൽ! ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു; പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും പരിശോധന
Wednesday, September 24, 2025 1:49 AM IST
കൊച്ചി: "ഓപ്പറേഷന് നുംഖോറി’ല്‍ കുടുങ്ങി മലയാളസിനിമയിലെ നടന്മാർ. ആഡംബര വാഹനങ്ങള്‍ നികുതി ഒഴിവാക്കി കേരളത്തിലെത്തിച്ച സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് നടത്തിയ പരിശോധനയിൽ നടൻ ദുല്‍ഖര്‍ സല്മാൻ ഉൾപ്പെടെയുള്ള താരങ്ങളുടെ കാറുകള്‍ പിടിച്ചെടുത്തു.
മലയാള സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍നിന്നു നികുതി വെട്ടിച്ച് വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 35 കേന്ദ്രങ്ങളിലായിരുന്നു "ഓപ്പറേഷന് നുംഖോര്‍' എന്ന പേരില്‍ പരിശോധന. ദുല്‍ഖര്‍ സല്‍മാനു പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി.
പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയെങ്കിലും ഇവിടെ വാഹനവും ആളുകളും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് കസ്റ്റംസ് സംഘം മടങ്ങി. പനമ്പിള്ളി നഗറിലെ ദുല്‍ഖര്‍ സല്‍മാന്റെ വീടിനോടു ചേര്‍ന്നുള്ള ഗാരേജില്‍നിന്ന് രണ്ടു വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കസ്റ്റംസ് പിടിച്ചെടുത്തു.
ദുല്‍ഖറിന്റെ ലാന്‍ഡ്റോവര്‍ ഡിഫന്‍ഡറും ലാന്‍ഡ് ക്രൂയിസറുമാണ് പിടിച്ചെടുത്തത്. ഇതില്‍ ഒരെണ്ണം കസ്റ്റംസ് ഓഫീസിലേക്ക് എത്തിച്ചു. രണ്ടാമത്തേതിനു ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ ദുല്‍ഖറിന്റെ ഗാരേജില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
അമിത് ചക്കാലയ്ക്കലിന്റെ എട്ടു വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതില്‍ മൂന്നെണ്ണം ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. അമിത് ചക്കാലയ്ക്കലില്നിന്ന് ഇന്നലെ വൈകുന്നേരം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
നടന്മാര്ക്ക് ഇതില്‍ നേരിട്ടു പങ്കുണ്ടോ അതോ ഇടനിലക്കാര്‍ വഴിയാണോ ഇവ കേരളത്തിലെത്തിച്ചതെന്നാണു പരിശോധിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലയ്ക്കലും ഉള്‍പ്പെടെയുള്ളവര്‍ക്കു നോട്ടീസ് നല്‍കുമെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ ഡോ. ടി. ടിജു പറഞ്ഞു.