നിറസ്നേഹം ഏറ്റുവാങ്ങി നിത്യതയിലേക്ക്
Tuesday, September 23, 2025 2:03 AM IST
എം. ജയതിലകന്‍
കോഴിക്കോട്: പാവങ്ങള്‍ക്കും അശരണര്‍ക്കും സാന്ത്വനസ്പര്‍ശമേകിയ ആത്മീയജീവിതം നിത്യതയിലേക്കു മറഞ്ഞു. ഹൃദയം നിറഞ്ഞുതുളുമ്പുന്ന സ്നേഹാദരവുമായി ഒഴുകിയെത്തിയ ആയിരങ്ങളുടെ പ്രാര്ഥനയേറ്റുവാങ്ങി ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി ഓര്‍മയായി. ഒരായുഷ്ക്കാലം സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിയ നല്ല ഇടയന് ഇന്നലെ സായംസന്ധ്യയില്‍ വിശ്വാസി സമൂഹം വിടനല്‍കി.
പൂപോലൊരു മനസുള്ള ആത്മീയാചാര്യന് സര്‍വരുടെയും നിറസ്നേഹം ഏറ്റുവാങ്ങിയാണ് കോഴിക്കോട് കോട്ടൂളിയിലെ കൃസ്തുദാസി സന്യാസിനീസമൂഹത്തിന്റെ ജനറലേറ്റായ ഹോം ഓഫ് ലവിലെ കബറിടത്തിലേക്കു മടങ്ങിയത്. അവസാനമായി ഒരു നോക്കു കാണാന്‍ കുന്നും മലയും പാടവും കടന്ന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിലേക്കെത്തിയ ആബാലവൃദ്ധം കണ്ണീര് തുള്ളികളാല്‍ സ്നേഹം പകര്‍ന്നു. ദേവഗിരി സെന്റ് ജോസ്ഫ്സ് പള്ളിയിലെ പൊതുദര്‍ശനത്തിനുശേഷമാണ് എസ്കെഡി ജനറലേറ്റ് ചാപ്പലില്‍ പ്രത്യേകം ക്രമീകരിച്ച കബറിടത്തില്‍ സംസ്കാരം നടന്നത്.
വൈകുന്നേരം 3.40നാണ് പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ഭൗതികദേഹം ദേവഗിരി സെന്റ് ജോസ്ഫ്സ് പള്ളിയില്‍ എത്തിയത്. പ്രധാന ഗേറ്റിനു മുന്നില്‍ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, മെല്‍ബണ്‍ എമരിറ്റസ് ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മാനന്തവാടി രൂപത സഹായ മെത്രാന് മാര്‍ അലക്സ് താരാമംഗലം, താമരശേരി രൂപത വികാരി ജനറല്‍ ഫാ. ഏബ്രഹാം വയലില്‍, പ്രൊക്യൂറേറ്റര്‍ ഫാ. ബെന്നി മുണ്ടനാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വിലാപയാത്രയായാണ് പള്ളിയിലേക്ക് എത്തിച്ചത്.
കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, വികാരി ജനറാൾ ഫാ. ജന്സന് പുത്തന്‍വീട്ടില്‍, യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത ഐറേനിയോസ് മാർ പൗലോസ്, ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനമെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, മാനന്തവാടി രൂപത വികാരി ജനറാൾ ഫാ. ജോസഫ് മുണ്ടോളിക്കല്‍ തുടങ്ങിയവര്അന്ത്യോപചാരമര്പ്പിച്ച് പ്രാര്‍ഥന നടത്തി. മാർ തൂങ്കുഴിയുടെ കുടുംബാംഗങ്ങളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
മഹത്തായ സംഭാവനകൾ നൽകിയ ശ്രേഷ്ഠൻ: മാർപാപ്പ
ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ദൈവജനങ്ങൾക്കായുള്ള മാർ തൂങ്കുഴിയുടെ ദീർഘകാലത്തെ പ്രവർത്തനങ്ങൾ അനുസ്മരിക്കുന്നു.
വിദ്യാഭ്യാസ, സാമൂഹികമേഖലകൾക്കൊപ്പം ക്രൈസ്തവപുരോഹിതരെ വാർത്തെടുക്കുന്നതിലും അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ ആത്മാവിനെ ഇടയനായ ക്രിസ്തുവിന്റെ കാരുണ്യത്തിനു സമർപ്പിക്കുന്നെന്നും മാർപാപ്പയ്ക്കുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയത്രോ പരോളിൻ നൽകിയ സന്ദേശത്തിൽ പറഞ്ഞു.
രാജ്യത്തിനു തീരാനഷ്ടം: പ്രധാനമന്ത്രി
ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. സീറോ മലബാർസഭയ്ക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.
ആഴത്തിലുള്ള വിശ്വാസത്തിന്റെയും കർമത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്കുവേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിച്ചു. അനുകന്പയോടെയുള്ള പ്രവർത്തനങ്ങൾ ആയിരങ്ങളെ ആഴത്തിൽ സ്പർശിച്ചു.
ദൈവവിശ്വാസത്തിൽ അടിയുറച്ച പ്രവർത്തനങ്ങളും സേവനങ്ങളും എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി അനുശോചനസന്ദേശത്തിൽ അറിയിച്ചു.