തെങ്ങ് വീണ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
Sunday, September 21, 2025 1:02 AM IST
വെള്ളറട: തൊഴിലുറപ്പ് തൊഴിലാളികൾക്കു മേല്‍ തെങ്ങ് വീണ് രണ്ട് പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ രാവിലെ 10.30 ന് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ചാവടിയിലായിരുന്നു സംഭവം.
കുന്നത്തുകാല്‍ തൊളിയറ കിഴക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ രാമചന്ദ്രന് നായരുടെ ഭാര്യ ചന്ദ്രിക കുമാരി (65), കുന്നത്തുകാല്‍ ചെമ്മണ്ണുവിള ദര്‍ശന നിലയത്തില്‍ ശ്രീകുമാരന്റെ ഭാര്യ വസന്തകുമാരി (69) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉഷ (58) സ്നേഹലത (50) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ചാവടി വാര്‍ഡിലെ കൊന്നാനൂര്‍ക്കോണം തോട് വൃത്തിയാക്കുന്നതിടയിലായിരുന്നു അപകടം. അന്‍പതോളം സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇരുവരും കൊന്നാനൂര്ക്കോണത്ത് പണിക്കിറങ്ങിയത്. പ്രഭാതഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്ന സമയത്താണ് ഇവര്‍ക്കു മുകളിലേക്ക് തെങ്ങ് വീണത്. പണിയിടത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചുവട് ദ്രവിച്ചുനിന്ന തെങ്ങ് മാസങ്ങളായി വീഴുമെന്ന നിലയിലായിരുന്നു.
ഭക്ഷണം കഴിച്ചശേഷം തോടിനു കുറുകെയുള്ള പാലത്തില്‍ ഇരിക്കുകയായിരുന്നു വസന്തകുമാരി. തോടിനപ്പുറത്തെ വരമ്പിലായി ചന്ദ്രികകുമാരിയും മറ്റുള്ളവരും വിശ്രമിക്കുകയായിരുന്നു. പാലമുള്‍പ്പെടെ തകര്‍ത്താണ് തൊഴിലാളികള്‍ക്ക് മേൽ തെങ്ങ് വീണത്.
സ്ത്രീ തൊഴിലാളികളുടെ നിലവിളി കേട്ട് സമീപവാസികളും അടുത്ത വയലില്‍ പണി ചെയ്യുകയായിരുന്ന തൊഴിലാളികളും എത്തിയാണ് ഇവരെ കാരക്കോണം മെഡിക്കല്‍ കോളജിലെത്തിച്ചത്. ചന്ദ്രിക കുമാരിയുടെ മക്കള്‍: സന്ധ്യ ചന്ദ്രന്, സന്ദീപ് ചന്ദ്രന്. വസന്തകുമാരിയുടെ മക്കള്‍: ദിനേശ്, ദര്‍ശന.