മന്ത്രി ജി.ആർ. അനിലിനെതിരേയുള്ള ‘പച്ചക്കള്ള’ പരാമർശം പ്രതിപക്ഷ നേതാവ് പിൻവലിച്ചു
Saturday, September 20, 2025 1:23 AM IST
തിരുവനന്തപുരം: മന്ത്രി ജി.ആർ. അനിൽ തനിക്കെതിരേ പച്ചക്കള്ളം പറയുകയാണെന്ന ആക്ഷേപം പിൻവലിച്ച് മന്ത്രിയോടും നിയമസഭയോടും മാപ്പു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വ്യാഴാഴ്ച അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്ത് വിലക്കയറ്റം തടയാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പ്രതിപക്ഷ നേതാവ് പ്രകീർത്തിച്ചതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞിരുന്നു. താൻ അവിടെ പ്രസംഗിച്ചിട്ടില്ലെന്നും വിളക്കുകൊളുത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പച്ചക്കള്ളമാണ് പറയുന്നതെന്നും സതീശൻ മറുപടി നൽകിയിരുന്നു.
സതീശൻ പ്രസംഗിക്കുന്നതിന്റെ വീഡിയോ സഭയിൽ ഹാജരാക്കാമെന്നും അത് സഭാരേഖയിൽ ഉൾപ്പെടുത്തണമെന്നും ഇന്നലെ മന്ത്രി പറഞ്ഞു. പിന്നാലെയാണ് ’പച്ചക്കള്ള’ പരാമർശം പിൻവലിച്ച് സതീശൻ മാപ്പുപറഞ്ഞത്.
ഓണച്ചന്ത ഉദ്ഘാടനം ചെയ്ത് ഒരുമിനിറ്റ് സംസാരിച്ചിരുന്നു. സർക്കാരിനെ പ്രകീർത്തിച്ചല്ല, സപ്ലൈകോയുടെ പ്രസക്തിയെക്കുറിച്ചാണ് പറഞ്ഞത്. ഓർമപ്പിശക് സംഭവിച്ചതാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് മന്ത്രിയുടേതു പച്ചക്കള്ളമാണെന്ന് പറഞ്ഞത്.
പച്ചക്കള്ളം എന്ന വാക്ക് അണ്പാർലമെന്ററിയാണെന്നും വാസ്തവവിരുദ്ധം എന്നേ പറയാവൂ എന്നും മാത്യു ടി.തോമസ് തന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. 24 വർഷമായി നിയമസഭാംഗമാണ്. ഇതുവരെ ഒരുവാക്കുപോലും സഭാരേഖയിൽ നിന്നു നീക്കേണ്ടി വന്നിട്ടില്ല.
പച്ചക്കള്ളം എന്ന വാക്ക് സഭാരേഖയിൽനിന്നു നീക്കണമെന്ന് സ്പീക്കർക്ക് കത്തു നൽകി. എന്റെ ഒരു വാക്കുപോലും ഇനി വരുന്ന തലമുറയ്ക്ക് ദോഷമാകരുത്. മന്ത്രിയോടും നിയമസഭയോടും ക്ഷമചോദിക്കുന്നു- സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ തിരുത്ത് അനുകരണീയ മാതൃകയാണെന്ന് സ്പീക്കർ എ.എൻ. ഷംസീറും പറഞ്ഞു.