കൂനമ്മാക്കല്‍ തോമാ കത്തനാര്‍ക്ക് വലിയമല്പാന് പദവി
Friday, September 19, 2025 1:45 AM IST
കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ധനുമായ കൂനമ്മാക്കല്‍ തോമാ കത്തനാരുടെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സുറിയാനി ഭാഷാപഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സെന്റ് ഇഫ്രേംസ് എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സീരി) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയമല്പാന് പദവി നല്കി ആദരിച്ചു.
ആഗോള സുറിയാനി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമന് യോനാന്‍ ബാവയാണ് പദവി സമ്മാനിച്ചത്. റൂബി ജൂബിലി ആഘോഷിക്കുന്ന സീരിയില്‍ അദ്ദേഹം ദീര്‍ഘകാലം അധ്യാപകനും ഡീന്‍ ഓഫ് സ്റ്റഡീസുമായിരുന്നു.
1955 നവംബര്‍ 15ന് കോട്ടയം രാമപുരത്താണ് കൂനമ്മാക്കല്‍ തോമാ കത്തനാര് ജനിച്ചത്. പാലാ രൂപതയിലെ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് സുറിയാനി ഭാഷയില്‍ ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാചരിത്രത്തെപ്പറ്റിയും മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി പ്രബന്ധങ്ങള്‍ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളഭാഷയെ സുറിയാനി ലിപിയില്‍ എഴുതുന്ന പുരാതന സമ്പ്രദായമായ കര്‍ശോന്‍ രീതിയെപ്പറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. വിശ്വപ്രസിദ്ധ സുറിയാനി പണ്ഡിതനായ ഡോ. സെബാസ്റ്റ്യന്‍ ബ്റോക്കിന്റെ ശിഷ്യനുമാണ്. കുറവിലങ്ങാട്, കാപ്പുംതലയില്‍ സ്ഥിതി ചെയ്യുന്ന സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും അദ്ദേഹമാണ്.