മാര്‍ തൂങ്കുഴി പങ്കാളിത്ത അജപാലന നേതൃശൈലിയുടെ ആള്‍രൂപം: മാര്‍ റാഫേല്‍ തട്ടില്‍
Thursday, September 18, 2025 1:18 AM IST
കൊച്ചി: കാലം ചെയ്ത തൃശൂര്‍ അതിരൂപത മുന്‍ ആർച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി പങ്കാളിത്ത നേതൃശൈലിയുടെ ആള് രൂപമായിരുന്നെന്നു സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍, സഹപ്രവര്‍ത്തകരെ വിശ്വസിക്കാനും അവരുടെ കഴിവുകളെ വിലമതിക്കാനും കഴിവുകള്‍ പുറത്തെടുക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും സാധിച്ചിരുന്ന മികച്ച ആത്മീയനേതാവായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു.
മലബാറിന്റെ സമഗ്ര പുരോഗതിക്ക്, പ്രത്യേകിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന മാനന്തവാടി രൂപതയ്ക്കും കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന താമരശേരി രൂപതയ്ക്കും അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. കുടിയേറ്റജനതയുടെ ഒപ്പം നടന്നു ജീവിതം കരുപ്പിടിപ്പിക്കാന്‍ അവരെ സഹായിച്ച നല്ല ഇടയനായിരുന്നു അദ്ദേഹം. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയില്‍ അതിരൂപതയുടെ സമഗ്രപുരോഗതിക്കും വിശ്വാസത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടി മാര്‍ ജേക്കബ് തൂങ്കുഴി നല്കിയ നേതൃത്വം എന്നും ഓര്‍മിക്കപ്പെടുന്നതാണ്.
വൈദികപരിശീലനം ജീവിതഗന്ധിയാക്കി മാറ്റുന്നതിനും പ്രായോഗിക പരിശീലനത്തിനു പ്രാധാന്യം നല്‍കുന്നതിനും അദ്ദേഹം നടത്തിയ ശ്രമഫലമായിരുന്നു മേരിമാതാ മേജര്‍ സെമിനാരിയെന്ന് മാര്‍ തട്ടില്‍ അനുസ്മരിച്ചു. മാര്‍ ജേക്കബ് തൂങ്കുഴിയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ ഒരു അംശം കണ്ടെത്തുകയും അത് ഓര്‍മിച്ചുവച്ച് പറയുകയും ചെയ്യുന്ന ഒരു വലിയ മനസായിരുന്നു അദ്ദേഹത്തിന്റേത്. 2007 മുതല്‍ അദ്ദേഹം സഭാഭരണത്തില്‍നിന്നു വിരമിച്ചെങ്കിലും വിശ്രമജീവിതം എന്നത് വെറുമൊരു വിളിപ്പേരില്‍ ഒതുക്കിക്കൊണ്ടായിരുന്നു ജീവിച്ചത്. എല്ലാക്കാര്യത്തിലും എല്ലായിടത്തും ഓടിയെത്തിയ അദ്ദേഹം ജീവിതത്തിലുടനീളം തന്റെ പൗരോഹിത്യ ശുശ്രൂഷയെ സേവനംകൊണ്ടും സ്നേഹംകൊണ്ടും ലാളിത്യംകൊണ്ടും അന്വര്‍ഥമാക്കിയിരുന്നു.
ദൈവസ്നേഹത്തിന്റെ ജ്വലിക്കുന്ന പ്രതിഫലനമായി, സുവിശേഷസന്ദേശം ജീവിതത്തില്‍ പകര്‍ത്തി സൗമ്യ സാന്നിധ്യമായി മാറിയ മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേരുകയും ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.