25 രൂപയ്ക്കു 20 കിലോ അരി പദ്ധതി തുടരും: മന്ത്രി അനിൽ
Wednesday, September 17, 2025 1:36 AM IST
തിരുവനന്തപുരം: ഓണക്കാലത്ത് എല്ലാ കാർഡ് ഉടമകൾക്കും 25 രൂപയ്ക്ക് 20 കിലോ അരി വീതം നൽകിയ പദ്ധതി തുടരുമെന്നു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കെ റൈസ് എട്ടു കിലോ 33 രൂപയ്ക്കും സ്പെഷ്യൽ അരിയായ 20 കിലോ 25 രൂപയ്ക്കും നൽകും. ഓണക്കാലത്തു സപ്ലൈകോ വഴി 386 കോടിയുടെ വിൽപന നടന്നു.
സബ്സിഡി ഇനത്തിൽ 180 കോടിയും സബ്സിഡിയേതര ഇനത്തിൽ 206 കോടിയുടെയും വിൽപന നടന്നു. ഓണക്കാലത്തു റേഷൻ കടകൾ വഴി 598 കോടിയുടെ 1.49 ലക്ഷം മെട്രിക് ടണ്‍ അരി വിതരണം ചെയ്തു.
2024-25ൽ 2.7 ലക്ഷം കർഷകരിൽ നിന്ന് 5.8 ലക്ഷം മെട്രിക് ടണ്‍ നെല്ലു സംഭരിച്ചു. ആകെയുള്ള 1645 കോടി രൂപയിൽ 1403 കോടി കർഷകർക്കു നൽകി. 242 കോടി കൂടി ഈയാഴ്ച നൽകും. കേന്ദ്രത്തിൽ നിന്നു നെല്ലു സംഭരണത്തിന് ഒരു തുകയും ലഭിച്ചിട്ടില്ല. 2017 മുതലുള്ള 1206 കോടിയുടെ കുടിശികയും കേന്ദ്രം നൽകാനുണ്ട്.
രണ്ടുംകൂടി ആകെ 2851 കോടിയാണു കേന്ദ്ര കുടിശിക. സംസ്ഥാനത്ത് 2135 കെ സ്റ്റോറുകളിലായി 32.17 കോടിയുടെ വിൽപന നടന്നു. ഉന്നതികളിൽ സഞ്ചരിക്കുന്ന കെ സ്റ്റോറുകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം, 339 രൂപയ്ക്കു നൽകിയിരുന്ന വെളിച്ചെണ്ണ ഈ മാസം 22 മുതൽ 319 രൂപയ്ക്കു സപ്ലൈകോ വഴി നൽകും.
389 രൂപയ്ക്ക് നൽകുന്ന സബ്സിഡിയേതര വെളിച്ചെണ്ണ 359 രൂപയ്ക്കും നൽകും. 429 രൂപയ്ക്കു ലഭിക്കുന്ന കേരഫെഡ് വെളിച്ചെണ്ണ 419 രൂപയ്ക്കും നൽകും. 93 രൂപയുള്ള തുവരപ്പരിപ്പ് 88നും 95 രൂപയുടെ ചെറുപയർ 90 രൂപയ്ക്കും നൽകും. അടുത്തമാസം വില വീണ്ടും കുറയ്ക്കുന്നത് ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.