അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: ലൈംഗികാരോപണത്തിനു പിന്നാലെ കോണ്‍ഗ്രസിൽനിന്നും സസ് പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി.
സമ്മേളനത്തിന്റെ ആരംഭദിവസമായ ഇന്നലെ രാവിലെ 9.30നാണ് രാഹുൽ നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്നു രാഹുലിനെ പുറത്താക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീറിനു കത്തു നല്‍കിയതിനു പിന്നാലെ സഭയിൽ രാഹുലിന് സ്പീക്കർ പ്രത്യേക ബ്ലോക്ക് അനുവദിച്ചിരുന്നു. പ്രതിപക്ഷ നിരയ്ക്കു പിന്നിലായാണ് രാഹുലിന് ഇരിപ്പിടം ഒരുക്കിയത്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർക്ക് ചരമോപചാരം അർപ്പിച്ച് പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്ന സമയത്താണ് രാഹുൽ സഭയിലെത്തിയത്. സ്വന്തം ഇരിപ്പിടത്തിൽ ഇരുന്ന രാഹുലുമായി തൊട്ടടുത്ത ഇരിപ്പിടത്തിലെ മുസ്ലിം ലീഗ് അംഗങ്ങൾ ആശയവിനിമയം നടത്തി.
എന്നാൽ, കോണ്‍ഗ്രസിലെയോ യുഡിഎഫിലെയോ മുതിർന്ന അംഗങ്ങൾ ആരും രാഹുലുമായി സംസാരിച്ചില്ല. സഭാ നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപേ രാഹുൽ സഭയിൽനിന്നു പുറത്തിറങ്ങി.
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനും മറ്റു സുഹൃത്തുക്കൾക്കുമൊപ്പമാണ് രാഹുൽ നിയമസഭയിലെത്തിയത്. സ്വകാര്യ കാറിലാണ് അടൂരിൽനിന്നു തിരുവനന്തപുരത്തേക്കു വന്നത്.
നിയമസഭയിൽ എത്തിയതിനു പിന്നാലെ, വരുംദിവസങ്ങളിൽ മണ്ഡലത്തിലെ പരിപാടികളിൽ രാഹുൽ പങ്കെടുക്കുമെന്ന പ്രചാരണവും ശക്തമാണ്. രാഹുൽ സഭയിൽ വന്ന നിലപാടിൽ പ്രതിപക്ഷനേതാവിന് ഉൾപ്പെടെ അമർഷമുള്ളതായാണ് വിവരം.