യുവാക്കള്‍ക്ക് ക്രൂരമര്‍ദനം: ദമ്പതികള്‍ അറസ്റ്റിൽ
Monday, September 15, 2025 6:14 AM IST
പത്തനംതിട്ട: ഹണിട്രാപ്പിലൂടെ വീട്ടില്‍ വിളിച്ചുവരുത്തിയ യുവാക്കളെ അതിക്രൂരമായി മര്‍ദിക്കുകയും പണം കവരുകയും ചെയ്ത ദമ്പതികള്‍ ആറന്മുള പോലീസിന്റെ പിടിയിലായി. രണ്ട് യുവാക്കളെ നിഷ്ഠൂരമായി ഉപദ്രവിച്ച കോയിപ്രം കുറവന്‍കുഴി മലയില്‍ വീട്ടില്‍ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ അഞ്ചിനു രാത്രി എട്ടോടെ റാന്നി സ്വദേശിയായ യുവാവിനെ പ്രതികളുടെ വീട്ടില്‍ വച്ച് പൈപ്പ് റേഞ്ച് കൊണ്ട് അടിച്ചും ജനനേന്ദ്രിയത്തിലും ശരീരഭാഗങ്ങളിലും മറ്റും സ്റ്റാപ്ലര്‍ പിന് അടിച്ചും നഖങ്ങള്ക്കിടയല് മൊട്ടുസൂചി കയറ്റിയും മറ്റും അതിക്രൂരമായ ദേഹോപദ്രവത്തിന് വിധേയനാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇയാളെ പിന്നീട് ഓട്ടോറിക്ഷയില്‍ കയറ്റി റോഡരികില്‍ തള്ളുകയായിരുന്നു.
റാന്നി സ്വദേശി ദേഹോപദ്രവത്തില്‍ പരിക്കേറ്റു വിശ്രമത്തില്‍ കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറന്മുള എസ്ഐ വിഷ്ണു മൊഴി രേഖപ്പെടുത്തകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനും പ്രതിശ്രുതവരനും മറ്റും ചേര്‍ന്ന് തന്നെ ദേഹോപദ്രവം ഏല്പിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും യുവാവ് പറഞ്ഞ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനേത്തുടര്ന്ന് സംശയം തോന്നിയ പോലീസ് പരാതിക്കാരനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നത്.
ദമ്പതികളെ ഭയന്നും മാനഹാനി കാരണവുമാണ് കളവായി പോലീസിന് മൊഴി നല്‍കിയതെന്ന് മര്‍ദനമേറ്റവര്‍ പറഞ്ഞു. തുടര്‍ന്ന് സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയ പോലീസ് ജയേഷിനെയും രശ്മിയെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി. ഇരുവരെയും വീട്ടുപരിസരത്തു നിന്ന് കസ്റ്റഡിയിലെടുത്ത് കോയിപ്രം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ആലപ്പുഴ സ്വദേശിക്കും മര്‍ദനം
പോലീസിന്റെ ചോദ്യം ചെയ്യലില്‍ 19കാരനായ ആലപ്പുഴ സ്വദേശിയെയും ദേഹോപദ്രവം ഏല്പിച്ചതായി ദമ്പതികള്‍ മൊഴി നല്കി. തുടര്‍ന്ന് ഇയാളെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ഒന്നിന് ഉച്ചയോടെ യുവാവിനെ കോഴഞ്ചേരി മാരാമണില്‍ നിന്നും വീട്ടിലെത്തിച്ച ജയേഷ് ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും കമ്പിവടി കൊണ്ട് അടിയ്ക്കുകയും നാഭിയില്‍ പെപ്പര്‍ സ്പ്രേ അടിക്കുകയും കൈകൂട്ടി കെട്ടി വീടിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കുകയും സൈക്കിള്‍ ചെയിന്‍ കൊണ്ട് ഇടിക്കുകയും ചെയ്തതായാണ് മൊഴി. പഴ്സില്‍ നിന്ന് 20000 രൂപ ബലമായി എടുക്കുകയും ചെയ്തു. തുടര്‍ന്ന് വണ്ടിക്കൂലിക്ക് എന്നുപറഞ്ഞ് 1000 രൂപ തിരികെ കൊടുക്കുകയും ബൈക്കില്‍ കയറ്റി റാന്നിയില്‍ ഇറക്കിവിടുകയുമായിരുന്നു.
യുവാക്കളും ജയേഷും ബംഗളൂരുവില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. ഈ പരിചയത്തിലാണ് റാന്നി സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയും ഇവര്‍ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. കേസുകളിലെ സമഗ്രമായ അന്വേഷണത്തിനായി തിരുവല്ല ഡിവൈഎസപി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ജില്ലാ പോലീസ് മേധാവി ഉത്തരവായിട്ടുണ്ട്.