തദ്ദേശസ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഗ്രേഡിംഗ്
Sunday, September 14, 2025 2:01 AM IST
കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് ഏര്‍പ്പെടുത്തുക, രാജ്യത്താദ്യമായി തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുക തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളുമായി കേരള അര്‍ബന്‍ കോണ്‍ക്ലേവ് സമാപിച്ചു. കൊച്ചിയില്‍ നടന്ന ദ്വിദിന കോണ്‍ക്ലേവില്‍ 300 നിര്‍ദേശങ്ങളാണ് ഉയര്‍ന്നുവന്നത്.
നഗരഭരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ യുനെസ്കോ മാതൃകയില്‍ നഗരങ്ങള്‍ക്കു പ്രാദേശിക അംഗീകാരം നല്‍കുക, തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനം വര്‍ധിപ്പിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കുക, കേരളത്തിലെ സാമ്പത്തികവളര്‍ച്ചാ ഹബ്ബുകള്‍ കേന്ദ്രീകരിച്ച് നഗരവികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക, ബിസിനസ് ഡെവലപ്മെന്റ് കൗണ്‍സിലുകള്‍ രൂപീകരിക്കുക, എല്ലാ നഗരങ്ങളിലും അര്‍ബന്‍ ഒബ്സര്‍വേറ്ററികള്‍ സ്ഥാപിക്കുക, മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കു അഥോറിറ്റി രൂപീകരിക്കുക, ഡിജിറ്റൈസേഷനിലൂടെ തനത് നികുതി വര്‍ധിപ്പിക്കുക, നഗര തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, നഗരവിഭവ സമാഹരണത്തില്‍ പ്രവാസി മലയാളികളുടെ പങ്ക് ഉറപ്പാക്കുക തുടങ്ങിയവയാണു കോണ്‍ക്ലേവില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശങ്ങള്‍.
ഐക്യരാഷ്ട്രസഭയുമായുള്ള സഹകരണവുമായി ബന്ധപ്പെട്ടു രണ്ട് താത്പര്യപത്രങ്ങള്‍ കോണ്‍ക്ലേവില്‍ ഒപ്പുവച്ചു. കിലയും ഐക്യരാഷ്ട്രസഭ സര്‍വകലാശാലയുടെ ഗവേഷണസ്ഥാപനവും തമ്മില്‍ സഹകരണം ശക്തിപ്പെടുത്താനും അര്‍ബന്‍ കോണ്‍ക്ലേവിന്റെ പോളിസി പാര്‍ട്ണറാകാന്‍ യുഎന്‍ ഹാബിറ്റാറ്റുമായും താത്പര്യ പത്രങ്ങള്‍ ഒപ്പിട്ടു. കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചു കരട് നഗരനയം രൂപീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടുമെന്നും മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന മേയര്‍മാരുടെ സമ്മേളനത്തില്‍ ബ്രസീലിയന്‍ അസോസിയേഷന് ഓഫ് മുനിസിപ്പാലിറ്റീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഡ്വേഡോ ടഡ്യൂ, മാലദ്വീപ് മേയര്‍ ആദം അസിം, കൊളംബൊ സിറ്റി മേയര്‍ വ്രൈ കാല്ലി ബല്‍ത്താസര്‍, ദക്ഷിണാഫ്രിക്കയിലെ ഡര്ബന് മേയര്‍ സിറില്‍ സാബ, ഫരീദാബാദ് മേയര്‍ പര്‍വീണ്‍ ബത്ര ജോഷി, വെല്ലൂര്‍ മേയര്‍ സുജാത അനന്തകുമാര്‍, ഗുണ്ടൂര്‍ മേയര്‍ കോവെലമുടി രവീന്ദ്ര, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.