പൊതുസ്വീകാര്യത കരുത്തായി; സ്ഥാനം ഉറപ്പിച്ച് ബിനോയ് വിശ്വം
Saturday, September 13, 2025 2:28 AM IST
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനം അവസാനിച്ചപ്പോള്‍ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ബിനോയ് വിശ്വംതന്നെ പാര്‍ട്ടിയെ നയിക്കും.
സെക്രട്ടറി സ്ഥാനം ഉന്നമിട്ടുകൊണ്ടുള്ള പടനീക്കം പാര്‍ട്ടിയില്‍ പ്രത്യക്ഷത്തില്‍ ഇല്ലായിരുന്നെങ്കിലും പാര്‍ട്ടിയുടെ നിയന്ത്രണം കൈയാളാനുള്ള അണിയറനീക്കങ്ങള്‍ നടന്നിരുന്നു. താന്‍ എല്ലാവരെയും ഒരുപോലെ കാണുന്നയാളും പരിഗണിക്കുന്നയാളുമാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ബിനോയ് വിശ്വത്തിനായി.
അന്തരിച്ച മുന്‍ സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ചിരുന്നവരെയും കാനം വിരുദ്ധരെയും ഒരുപോലെ കൈയിലെടുക്കാന്‍ ബിനോയ് വിശ്വത്തിനായി എന്നാണ് സമ്മേളനത്തിന്റെ ആകെത്തുക. വിഭാഗീയതയുമായി ആരും സമ്മേളനത്തിനു വരേണ്ടതില്ല എന്ന താക്കീത് നല്‍കുന്നതിലും അത് ഏറെക്കുറെ നടപ്പിലാക്കുന്നതിലും ബിനോയ് വിശ്വം വിജയിച്ചു.
രണ്ടു വര്‍ഷം മുമ്പ് മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരുടെ പിന്തുണയോടെയാണു സംസ്ഥാന സെക്രട്ടറി പദത്തില്‍ ബിനോയ്ക്ക് എത്താനായത്. എന്നാല്‍ മറുവിഭാഗത്തെ ഒരിക്കലും പ്രകോപിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല . ബിനോയി വിശ്വത്തിനെതിരേ നിലപാടെക്കുന്നവരും പാര്‍ട്ടിയില്‍ കുറവല്ല എന്നതും ശ്രദ്ധേയമാണ്. സെക്രട്ടറിയുടെ ശൈലിക്കെതിരായുള്ള വിമര്‍ശനങ്ങള്‍ നല്കുന്ന സൂചനയിതാണ്.
കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് അദ്ദേഹത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍, വിശര്ശനങ്ങളെയെല്ലാം നേരിട്ട് പാര്‍ട്ടി സെക്രട്ടറിസ്ഥാനത്തു തുടരാനായത് ബിനോയി വിശ്വത്തിന് കരുത്തു പകരും.
മുന്‍ എംഎല്‍എയും കമ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥന്- ഓമന ദമ്പതികളുടെ മകനായി 1955 നവംബര്‍ 25ന് വൈക്കത്ത് ജനനം. ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി.
നാദാപുരത്ത് നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. 2006-11ല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വനം, ഭവന മന്ത്രിയായിരുന്നു. ഷൈല പി. ജോര്‍ജാണ് ഭാര്യ. മക്കള്‍: രശ്മി ബിനോയ് (മാധ്യമപ്രവര്‍ത്തക), സൂര്യ ബിനോയ് (ഹൈക്കോടതി അഭിഭാഷക).