പകയോടെ പോലീസ്, കുടഞ്ഞ് കോടതി; കെഎസ്യു പ്രവർത്തകരെ വിലങ്ങിട്ട്, മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കി
Saturday, September 13, 2025 2:28 AM IST
വടക്കാഞ്ചേരി: രാഷ്ട്രീയസംഘർഷത്തിൽ പ്രതികളായ കെഎസ്യു നേതാക്കളെ കൈയിൽ വിലങ്ങണിയിച്ചും മുഖംമൂടി ധരിപ്പിച്ചും കോടതിയിൽ ഹാജരാക്കി പോലീസ്. സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനെതിരേ നടപടി സ്വീകരിക്കാനും നിർദേശിച്ചു.
രാഷ്ട്രീയസംഘർഷത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഇത്തരം കറുത്ത മാസ്കും കൈവിലങ്ങുമിട്ട് കൊണ്ടുവന്നത് എന്തിനെന്നു കോടതി ചോദിച്ചെങ്കിലും പോലീസിനു മറുപടിയുണ്ടായില്ല.
മുള്ളൂർക്കരയിൽ കെഎസ്യു - എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേതാക്കളെയാണു ജനങ്ങളുടെ മുന്നിലൂടെ വിലങ്ങണിയിച്ചും കറുത്ത മുഖംമൂടികൊണ്ട് മുഖംമറച്ചും തീവ്രവാദികളെയെന്നപോലെ കൊണ്ടുവന്നത്.
അഭിഭാഷകർ വിഷയം മജിസ്ട്രേറ്റിനെ അറിയിച്ചതിനെത്തുടർന്ന് കോടതി പ്രതികളുമായെത്തിയ വടക്കാഞ്ചേരി എസ്ഐ ഹുസൈനാരോടു വിശദീകരണം തേടി. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാലാണു പ്രതികളെ മുഖംമൂടി ധരിപ്പിച്ചതെന്നായിരുന്നു മറുപടി.
എന്നാൽ, പരാതിക്കാർ എഫ്ഐആറിൽ പേരുരേഖപ്പെടുത്തിയ അതേ പ്രതികളെത്തന്നെയാണ് കോടതിയിൽ ഹാജരാക്കിയതെന്നതിനാൽ എന്തിനാണു പിന്നെ തിരിച്ചറിയൽ പരേഡ് നടത്തുന്നതെന്ന കോടതിയുടെ ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാൻ പോലീസ് ഉദ്യോഗസ്ഥനായില്ല. തുടർന്ന് വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
എസ്എച്ച്ഒയുടെ നടപടിക്കെതിരേ ജില്ലാ പോലീസ് മേധാവിക്കും ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനും റിപ്പോർട്ട് ചെയ്യാനും ഷോകോസ് നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു. അറസ്റ്റിലായ ഗണേഷ് ആറ്റൂർ, അൽ അമീൻ, അസ്ലം എന്നിവരെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
അതേസമയം, പോലീസ് നടപടിയെ കോണ്ഗ്രസ് നേതാക്കൾ രൂക്ഷമായി വിമർശിച്ചു. സംഘർഷാവസ്ഥ പരിഗണിച്ച് പഴയന്നൂർ, ചെറുതുരുത്തി, വടക്കാഞ്ചേരി, ചേലക്കര എന്നീ പോലീസ് സ്റ്റേഷനുകളിൽനിന്നു വലിയ പോലീസ് സംഘത്തെ കോടതിപരിസരത്തു വിന്യസിച്ചിരുന്നു.