ദേശീയപാതയില്‍ ലൈറ്റ് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു
Friday, September 12, 2025 3:48 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ്-തലപ്പാടി ദേശീയപാതയില്‍ തെരുവുവിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
കോഴിക്കോട് വടകര സ്വദേശികളായ എസ്.ആര്.അക്ഷയ് (25), കെ.കെ.അശ്വിന് (27) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കാസര്‍ഗോഡ് നഗരത്തില്‍ എട്ടര കിലോമീറ്റര്‍ അകലെയുള്ള മൊഗ്രാല്‍പുത്തൂരിലാണ് അപകടം.
ഇരുവരും കയറിയ ക്രെയിനിന്റെ ബോക്സ് തകര്‍ന്ന് 10 മീറ്റര്‍ താഴ്ചയിലുള്ള സര്‍വീസ് റോഡിലേക്കു വീഴുകയായിരുന്നു. ഇരുവരെയും ഉടന്‍ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അക്ഷയ് മരിച്ചിരുന്നു.
ഗുരുതര നിലയിലുള്ള അശ്വിനിനെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
കഴിഞ്ഞ നാലു വര്‍ഷമായി ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരാണ് ഇരുവരും. മടപ്പളളി നാദാപുരം റോഡിലെ പുളിയിന്റതാഴേകുനി രാജേന്ദ്രന്-സതി ദമ്പതികളുടെ ഏക മകനാണ് അക്ഷയ്.
മണിയൂര്‍ പതിയാരക്കര സ്വദേശി കൊറ്റിട്ടയില്‍ താഴകുനി ബാബു-സജിത ദമ്പതികളുടെ മകനാണ് അശ്വിന്. സഹോദരന്: അഭിജിത്. ഇതിനു മുമ്പ് ജൂലൈ 15ന് ഇതേ റീച്ചിലെ മഞ്ചേശ്വരം കുഞ്ചത്തൂരില്‍ പിക്കപ്പ് വാഹനത്തിന്റെ മുകളിലിരുന്ന് കാമറ സ്ഥാപിക്കുന്നതിനിടെ ലോറിയിടിച്ച് രാജസ്ഥാന്, ബിഹാര്‍ സ്വദേശികളായ രണ്ടു തൊഴിലാളികള്‍ മരിച്ചിരുന്നു.